കൊച്ചി: ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവതിയടക്കം മൂന്ന് പേർ കൊച്ചിയില്‍ പിടിയില്‍. കോട്ടയം തിരുവാർപ്പ് കാഞ്ഞിരം കരുക്കാശേരില്‍ വീട്ടില്‍ നാഫില (31), എറണാകുളം പോഞ്ഞിക്കര നോർത്ത് കണിയാപുരത്ത് അലൻ ഡേവിഡ് (25), തൃക്കാക്കര കങ്ങരപ്പടി വടകോട് കുഴിവിലകത്ത് വീട്ടില്‍ ഫസീർ നാസർ (26) എന്നിവരാണ് പിടിയിലായത്.
സിറ്റി ഡാൻസാഫ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ നിന്നുള്ള ആഡംബര ബസില്‍ പാലാരിവട്ടം മേല്‍പ്പാലം സമീപം എത്തിയിറങ്ങിയപ്പോഴാണ് മൂന്നംഗ സംഘം കുടുങ്ങിയത്. നാർക്കോട്ടിക് സെല്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ ഇവരില്‍ നിന്ന് 37.65 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ബംഗളൂരുവില്‍ ജോലി ചെയ്യുന്ന നാഫിലയാണ് സഹപ്രതികളായ അലൻ ഡേവിഡിനും ഫസീർ നാസറിനും രാസലഹരി എത്തിച്ചുനല്‍കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുൻപ് ഒരു വാഹന ഷോറൂമില്‍ ജോലി ചെയ്തിരുന്ന അലൻ ഡേവിഡിന്റെ നേതൃത്വത്തിലായിരുന്നു ലഹരി വിതരണം നടത്തിയിരുന്നത് എന്നും അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ പാലാരിവട്ടം പൊലീസിന് കൈമാറി. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.













































































