ശബരിമല സ്വർണ്ണപ്പാളി വിവാദം നാളെ മുതൽ നിയമസഭയിലും സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാൻ പ്രതിപക്ഷം. വിശ്വാസ പ്രശ്നത്തിൽ സർക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനും യുഡിഎഫിനെയും ബിജെപിയെയും പോലെ വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസ പ്രശ്നത്തിൽ സർക്കാരിനുണ്ടായ മേൽക്കൈ ആണ് പുതിയ വിവാദത്തിൽ നഷ്ടമാകുന്നത്. കാണാതായത് ശബരിമലയിൽ സമർപ്പിച്ച സ്വർണ്ണമാണ്. അത് കൊണ്ട് തന്നെ പിടിച്ചുനിൽക്കലും പറഞ്ഞുനിൽക്കലും വലിയ പ്രയാസമാണ് സർക്കാരിന്. അതാണ് സർക്കാറിനെയും ദേവസ്വം ബോർഡിനെയും കടുത്ത വെട്ടിലാക്കുന്നത്.
വിവാദ നടപടികളെല്ലാം ഉണ്ടായത് ഇടത് സർക്കാറിൻറെയും ഇടത് ബോർഡുകളുടെയും കാലത്താണ്. ആഗോള അയ്യപ്പ സംഗമം വഴി എൻഎസ്എസിനെ അടക്കം കൂടെ നിർത്തി കിട്ടിയ മേൽക്കൈ ആകെ പോകുന്നുവെന്നാണ് ഇടത് മുന്നണിയിലെ അടക്കം പറച്ചിൽ.
ഈ സമ്മേളന കാലത്ത് സ്വർണ്ണപ്പാളി വിവാദം സഭയിൽ അടിയന്തിരപ്രമേയ നോട്ടീസായി വന്നെങ്കിലും അനുമതി കിട്ടിയിരുന്നില്ല. പുതിയ പുതിയ വിവരങ്ങൾ മലവെള്ളപ്പാച്ചിൽ പോല വരുമ്പോൾ നാളെ മുതൽ പ്രതിപക്ഷത്തിൻറെ തുറുപ്പ് ചീട്ട് സ്വർണ്ണമോഷണം ആയിരിക്കും. അതിനോടുള്ള സർക്കാർ നിലപാടാണ് പ്രധാനം.