കേരളത്തില്‍ നിന്നുള്ള പുതിയ വിമാനക്കമ്പനി 'അല്‍ഹിന്ദ് എയറിന്' ചിറകുമുളയ്ക്കുന്നു. കമ്പനിയുടെ പ്രവർത്തനത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം എൻഒസി നല്‍കിക്കഴിഞ്ഞു.
ഇന്ത്യൻ വ്യോമയാന ചരിത്രത്തില്‍ കേരളം നല്‍കിയ സംഭാവന ചെറുതല്ല. ഇന്ത്യയിലെ വൻകിട കുത്തക കമ്പനികളെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈൻ ആയ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സ്ഥാപിച്ചത് തഖിയുദ്ദീൻ അബ്ദുല്‍ വാഹിദ് എന്ന മലയാളിയായിരുന്നു. ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള വർക്കലക്കാരനായ ഒരു സാധാരണ മലയാളായി വ്യോമയാന മേഖലയുടെ തലപ്പത്തേക്ക് പടവെട്ടി കയറിയത് അവിശ്വസനീയമായ പോരാട്ടവീര്യം കൊണ്ടായിരുന്നു. അറിയാം ടാറ്റയെയും ബിർളയെയും കടത്തിവെട്ടി ഉദിച്ചുയർന്ന മലയാളി വ്യവസായിയുടെ ഉയർച്ചയും മുംബൈ അധോലോകവുമായി അയാള്‍ നടത്തിയ പോരാട്ടത്തിന്റെയും കഥ.
തഖിയുദ്ദീൻ അബ്ദുല്‍ വാഹിദ്, ഒമ്പതാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ച് കൈയ്യില്‍ ഒന്നുമില്ലാതെ അക്കാലത്ത് ബോംബെ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മുംബൈക്ക് വണ്ടി കയറുമ്പോള്‍ അയാളുടെ ഉള്ളില്‍ അതിജീവനത്തിന്റെ കനലായിരുന്നു. 1970-കളില്‍ മുംബൈയിലെത്തിയ വാഹിദ് പല ജോലികളും ചെയ്തു. ജനിച്ച നാട്ടില്‍ നിലനില്‍പ്പില്ലാതെ ഒളിച്ചോടി വരുന്നവരുടെ കേന്ദ്രമായി മുംബൈ വളർന്ന കാലമായിരുന്നു അത്. കടലിനക്കരെയുള്ള സ്വപ്നഭൂമി തേടി ഭാഗ്യപരീക്ഷണത്തിനായി കേരളത്തില്‍ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ മുംബൈക്ക് ഒഴുകിക്കൊണ്ടിരുന്ന കാലം. ആ സാധ്യതകള്‍ മുതലെടുത്തു കൊണ്ട് തന്റെ ബിസിനസ് വളർത്താനുള്ള നീക്കങ്ങളിലേക്ക് വാഹിദ് കടക്കുകയായിരുന്നു.അന്ന് ഗള്‍ഫിലേക്ക് പോകാൻ പാസ്‌പോർട്ട് എടുക്കുന്നതും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ഇന്നത്തെപ്പോലെ എളുപ്പമായിരുന്നില്ല. ഈ വിടവ് നികത്താനായി അയാള്‍ 'ഈസ്റ്റ് വെസ്റ്റ് ട്രാവല്‍സ്' എന്ന പേരില്‍ ഒരു ചെറിയ സ്ഥാപനം തുടങ്ങി.
മറ്റു ട്രാവല്‍ ഏജൻസികളില്‍ നിന്ന് വ്യത്യസ്തമായി, പ്രവാസികള്‍ക്ക് വിശ്വസിക്കാവുന്ന ഒരു കേന്ദ്രമായി അദ്ദേഹം ഈസ്റ്റ് വെസ്റ്റ് ട്രാവല്‍സിനെ മാറ്റിയെടുക്കുകയായിരുന്നു. പാസ്‌പോർട്ട്, വിസ, ടിക്കറ്റ് എന്നിവ ഒരിടത്തുനിന്ന് തന്നെ നല്‍കി. കൂടാതെ ഗള്‍ഫ് പണം കേരളത്തിലേക്ക് അയക്കുന്നതിലും മറ്റും പ്രവാസികളെ സഹായിച്ചിരുന്ന പ്രമുഖ സ്ഥാപനമായി അത് വളർന്നു. വർക്കലക്കാരൻ അബ്ദുല്‍ വാഹിദ് വച്ചടിവച്ചടി ഉയർന്നു കൊണ്ടിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഈസ്റ്റ് വെസ്റ്റ് ട്രാവല്‍സ് വിദേശത്തേക്ക് മാൻപവർ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഏജൻസികളിലൊന്നായി മാറി.
മുംബൈക്ക് പുറമെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലും ശാഖകള്‍ തുറക്കപ്പെട്ടു. പതിനായിരക്കണക്കിന് ആളുകളെ ഗള്‍ഫിലേക്ക് അയക്കുന്നതിലൂടെ കോടിക്കണക്കിന് രൂപ വിറ്റുവരവുള്ള സ്ഥാപനമായി അത് മാറി. പല വിദേശ വിമാനക്കമ്പനികളുടെയും ഇന്ത്യയിലെ പ്രതിനിധിയായി ഈസ്റ്റ് വെസ്റ്റ് മാറി. അത് വാഹിദിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി. ട്രാവല്‍ ഏജൻസിയിലൂടെ ലഭിച്ച വമ്പിച്ച ലാഭവും വിമാനക്കമ്പനികളുമായുള്ള ബന്ധവും ഒത്തുചേർന്നപ്പോള്‍ വാഹിദിനും തോന്നി തനിക്കുമൊരു വിമാന കമ്പ നി തുടങ്ങാമെന്ന്. ടാറ്റയോ ബിർളയോ പോലും അതുവരെ ചെയ്യാത്ത ധീരമായ നീക്കമായിരുന്നു അത്. ട്രാവല്‍ ഏജൻസി വഴി ലക്ഷക്കണക്കിന് യാത്രക്കാരുടെ ഡാറ്റ കൈവശമുണ്ടായിരുന്നതിനാല്‍, വിമാനക്കമ്പനി തുടങ്ങിയാല്‍ സീറ്റുകള്‍ നിറയുമെന്ന് വാഹിദിന് ഉറപ്പായിരുന്നു. ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ കാറ്റും വാഹിദിന് അനുകൂലമായി വീശി തുടങ്ങി.
1991-ല്‍ ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് നരസിംഹറാവു സർക്കാർ 'ഉദാരവല്‍ക്കരണം' (Liberalization) പ്രഖ്യാപിക്കുന്നത്. വ്യോമയാന മേഖല അതുവരെ സർക്കാരിന്റെ കുത്തകയായിരുന്നു. വിമാനയാത്ര എന്നത് ആഡംബരമായും ആർഭാടമായും കണ്ടിരുന്ന കാലത്ത്, സ്വകാര്യ വ്യക്തികള്‍ക്ക് വിമാനം പറത്താൻ അനുവാദം നല്‍കുന്ന 'എയർ ടാക്സി സ്കീം' സർക്കാർ കൊണ്ടുവന്നു.
ഇന്ത്യയിലെ വ്യോമയാന മേഖലയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെ.ആർ.ഡി ടാറ്റയ്ക്കും ബിർള ഗ്രൂപ്പിനും പോലും പുതിയ നിയമങ്ങളില്‍ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍, ഈ അവസരം മുതലെടുക്കാൻ വാഹിദ് എന്ന വർക്കലക്കാരൻ ധൈര്യം കാണിച്ചു. വമ്പൻ കുത്തകകള്‍ പ്ലാനിംഗ് നടത്തുമ്പോള്‍ വാഹിദ് ബോയിംഗ് (Boeing) വിമാനങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്നു. വമ്പൻ ബിസിനസ് ഗ്രൂപ്പുകളെ നോക്കുകുത്തിയാക്കി, 1992 ഫെബ്രുവരിയില്‍ മൂന്ന് ബോയിംഗ് 737 വിമാനങ്ങളുമായി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് പ്രവർത്തനം ആരംഭിച്ചു. സർക്കാർ വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭക്ഷണവും ആതിഥേയമര്യാദയും വാഹിദ് തന്റെ വിമാനങ്ങളില്‍ ഉറപ്പാക്കി. യാത്ര വൈകല്‍ ഈസ്‌റ്റ് വെസ്‌റ്റില്‍ ഉണ്ടായിരുന്നില്ല. ടിക്കറ്റ് ഉറപ്പാക്കാൻ യാത്രക്കാർ ഇരച്ചെത്തി. കമ്പനി വളരുകയായിരുന്നു.
വെറും മൂന്ന് വർഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം 11 ആയി. മുംബൈ, കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയിലെ 30 പ്രധാന നഗരങ്ങളില്‍ നിന്ന് ഓരോ വിമാനവും 90 ശതമാനത്തിലധികം സീറ്റുകളും നിറച്ച് പറന്ന് തുടങ്ങി. ഇത് ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു മനുഷ്യൻ വ്യോമയാന മേഖലയിലെ സങ്കീർണ്ണമായ നിയമങ്ങളും രാഷ്ട്രീയവും പഠിച്ച് ഒരു വലിയ വിമാനക്കമ്പനി കെട്ടിപ്പടുത്ത കാഴ്ച്ച എല്ലാവരും അന്ധാളിച്ചു. ഇന്ത്യൻ വ്യോമസേന കഴിഞ്ഞാല്‍
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന ശൃംഖലയായി ചുരുങ്ങിയ കാലം കൊണ്ട് ഈസ്റ്റ് വെസ്റ്റ് മാറി.
സമാനതകളില്ലാത്ത ആ കുതിപ്പ് ചിലരുടെ ഉറക്കം കെടുത്തി. കോർപ്പറേറ്റ് സ്രാവുകള്‍ പതറിപ്പോയ ഇടത്ത് ഒരു മലയാളി ചക്രവർത്തിയായി വാഴുന്നത് ഡല്‍ഹിയിലെയും മുംബൈയിലെയും അധികാര ഇടനാഴികളില്‍ അസൂയയുടെ കനലുകള്‍ കോരിയിട്ടു. വിജയത്തിന്റെ പടവുകള്‍ ഓരോന്നായി കയറുമ്പോഴേക്കും വാഹിദിന് ചുറ്റും ശത്രുക്കള്‍ ചതി കൊണ്ട് കെണികള്‍ ഒരുക്കി കഴിഞ്ഞിരുന്നു. അങ്ങനെ കോർപ്പറേറ്റ് യുദ്ധങ്ങള്‍ പതിയെ അധോലോകത്തിന്റെ ഇരുളടഞ്ഞ തെരുവുകളിലേക്ക് പടരുകയായി.
മുംബൈയിലെ അധോലോക സംഘങ്ങള്‍ക്ക് മലയാളി വ്യവസായിയോട് കടുത്ത ശത്രുത തോന്നിത്തുടങ്ങി. വാഹിദിന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന കഥകള്‍ ശത്രുക്കള്‍ പ്രചരിപ്പിച്ചു. ഇക്കാലത്ത് മുംബൈ പോലീസ് ഇന്റലിജൻസിന് ഗൗരവകരമായ ചില വിവരങ്ങള്‍ ലഭിച്ചു. വാഹിദിന്റെ ജീവന് അപകടമുണ്ടെന്നും, മുംബൈ അണ്ടർവേള്‍ഡ് അയാളെ ഉന്നം വെക്കുന്നുണ്ടെന്നുമുള്ള കൃത്യമായ മുന്നറിയിപ്പ് പോലീസ് അദ്ദേഹത്തിന് നല്‍കി. പക്ഷേ, ആകാശം കീഴടക്കിയ ആത്മവിശ്വാസത്തില്‍ തനിക്ക് നേരെ ഉയർന്ന ഭീഷണികള്‍ വാഹിദ് തിരിച്ചറിഞ്ഞില്ല. തന്റെ വളർച്ചയില്‍ ഭയപ്പെട്ടവർ വെറുതെ ഭീഷണിപ്പെടുത്തുന്നതാണെന്ന് അയാള്‍ വിശ്വസിച്ചു.
പക്ഷേ, ഇന്ത്യൻ വ്യോമ മേഖലയിലെ കിരീടം വെക്കാത്ത രാജാവിനെ ലക്ഷ്യമിട്ട് മുംബൈ അധോലോകം ഒരു കെണി ഒരുക്കി കഴിഞ്ഞിരുന്നു. 1995 നവംബർ 13 ,സമയം രാത്രി എട്ട് മണിയോടടുക്കുന്നു. മുംബൈ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ബാന്ദ്രയിലെ തന്റെ ഓഫീസില്‍ നിന്ന് പതിവ് പോലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വാഹിദ്.
അധികദൂരം പിന്നിട്ടില്ല. പെട്ടെന്ന് തൊട്ടടുത്ത ഒരു ഇടറോഡില്‍ നിന്ന് ഒരു ചുവന്ന മാരുതി വാൻ കാറിന് മുന്നില്‍ വഴിമുടക്കി നിന്നു. മൂന്നുപേർ അതില്‍ നിന്നും ചാടിയിറങ്ങി. അവർ കാറിനടുത്തേക്കു ഓടിയടുത്തു. ഒരാളുടെ കൈവശം ചുറ്റിക ഉണ്ടായിരുന്നു. അയാള്‍ ചുറ്റിക കൊണ്ട് വിൻഡ് സ്ക്രീൻ തകർക്കാൻ തുടങ്ങി. മറ്റു രണ്ടുപേർ അപ്പോഴേക്കും കാറിനുള്ളിലേക്കു തുരുതുരെ വെടി ഉതിർത്തു. തഖിയുദ്ദീൻ സീറ്റുകള്‍ക്കിടയിലേക്ക് പതുങ്ങി പക്ഷെ ബുള്ളറ്റുകള്‍ തുരുതുരെ പതിച്ചു കൊണ്ടിരുന്നു. പ്രദേശം വെടിയൊച്ചകളാല്‍ പ്രകമ്പനം കൊണ്ടു. തോക്കിൻ മുനയില്‍ നിന്ന് ചിതറിയ വെടിയുണ്ടകള്‍ കാറിന്റെ ചില്ലുകള്‍ തകർത്ത് വാഹിദിന്റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി. തന്റെ സ്വപ്നസാമ്രാജ്യം കെട്ടിപ്പൊക്കിയ അതേ മുംബൈയിലെ മണ്ണില്‍, ആകാശത്തെ കീഴടക്കിയ ആ വർക്കലക്കാരൻ ചോരയില്‍ കുളിച്ച് വീണു.
ആ തോക്കുകള്‍ക്ക് പിന്നിലെ വിരലുകള്‍ അധോലോക നായകൻ ഛോട്ടാ രാജന്റെ ഗുണ്ടകളുടേതാണെന്ന് തെളിഞ്ഞെങ്കിലും, ആരുടെ ക്വട്ടേഷനായിരുന്നു അതിനു പിന്നില്‍ എന്നത് കണ്ടുപിടിക്കപ്പെട്ടില്ല. ഒരു മലയാളി ഇന്ത്യൻ ആകാശം ഭരിക്കുന്നത് സഹിക്കാനാവാത്ത വൻകിട കോർപ്പറേറ്റ് മാഫിയകള്‍ അധോലോകത്തെ വാടകയ്‌ക്കെടുത്ത് നടത്തിയ ഒരു മാസ്റ്റർ പ്ലാൻ ആയിരുന്നു ആ കൊലപാതകമെന്ന് ഇന്നും വിശ്വസിക്കപ്പെടുന്നു. എന്തായാലും ആ രാത്രിയോടെ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഒരു വിപ്ലവത്തിന് തിരശ്ശീല വീണു. തഖിയുദ്ദീൻ വാഹിദിന്റെ അന്ത്യത്തോടെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ചിറകുകള്‍ അരിയപ്പെട്ടു. കേവലം ഒരു വർഷത്തിനുള്ളില്‍ ആ വലിയ വിമാനക്കമ്പനി തകർന്നു വീണു.
അന്ന് ബാന്ദ്രയിലെ ഇരുളടഞ്ഞ തെരുവില്‍ വെടി കൊണ്ട് വീണത് ഒരു മനുഷ്യന്റെ വലിയ സ്വപ്നങ്ങളായിരുന്നു. മുപ്പത് വർഷങ്ങള്‍ക്കിപ്പുറം അതേ ആകാശത്തേക്ക് മറ്റൊരു കേരള വിമാന കമ്പ നി പറന്നുയരുമ്പോള്‍ ചരിത്രം നീതി നടപ്പാക്കുകയാണ്. അന്ന് വാഹിദിനെ വീഴ്ത്തിയവർക്ക് മുന്നില്‍ കാലം കരുതിവെച്ച മധുരപ്രതികാരം. കാലം ഒരുപാട് മാറി. തൊണ്ണൂറുകളില്‍ മുംബൈ തെരുവുകളെ വിറപ്പിച്ചിരുന്ന അധോലോക ശക്തികള്‍ക്ക് ഇന്ന് ഇന്ത്യൻ കോർപ്പറേറ്റ് മേഖലയില്‍ വലിയ സ്വാധീനമില്ല. നിയമവാഴ്ച ശക്തമായ പുതിയ കാലത്ത്, ഭയമില്ലാതെ പറക്കാൻ കേരളത്തില്‍ നിന്നുള്ള 'അല്‍ഹിന്ദ് എയർ' ഒരുങ്ങുമ്പോള്‍ അത് തഖിയുദ്ദീൻ വാഹിദ് എന്ന മലയാളിക്കുള്ള ആദരവ് കൂടിയാണ്. മലയാളിയുടെ വ്യോമയാന സ്വപ്നങ്ങള്‍ ഇനി ആകാശത്തോളം ഉയരത്തില്‍ സുരക്ഷിതമായി പറന്നുയരും.















































































