തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്എഫ്‌ഐയില്‍ പടലപ്പിണക്കം. യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റും ജില്ലാ കമ്മിറ്റിയും രണ്ട് തട്ടിലാണ്. ജില്ലാ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ യൂണിറ്റ് കമ്മിറ്റി തയ്യാറായില്ല. ജില്ലാ സെക്രട്ടറി നിയമിച്ച പുതിയ കമ്മിറ്റി പാനലിനെ അംഗീകരിക്കാന്‍ നിലവിലെ അംഗങ്ങള്‍ തയ്യാറായില്ല. എട്ട് പുതിയ അംഗങ്ങളെയാണ് യൂണിറ്റ് സെക്രട്ടറി നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
യൂണിറ്റ് യോഗത്തില്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ജില്ലാ സെക്രട്ടറി യൂണിറ്റിനെ പൂട്ടിയിടാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ജില്ലാ നേതൃത്വം അനാവശ്യമായി കോളേജില്‍ ഇടപെടലുകള്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്. ജില്ലാ നേതൃത്വത്തോടുളള അതൃപ്തിയില്‍ ദേശീയ പ്രസിഡന്റ് പങ്കെടുത്ത പരിപാടി യൂണിറ്റ് കമ്മിറ്റി ബഹിഷ്‌കരിച്ചു.
അതേസമയം, സര്‍വകലാശാലയില്‍ പ്രതിസന്ധി ഒഴിയുന്നില്ല. രജിസ്ട്രാര്‍ തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ വലയുന്നു. രജിസ്ട്രാറുടെ സീല്‍ പതിപ്പിക്കാത്തതുകൊണ്ട് ഫെലോഷിപ്പുകള്‍ നഷ്ടമാകുമെന്നാണ് ആശങ്ക. സീല്‍ പതിക്കാത്ത സര്‍ട്ടിഫിക്കറ്റ് ഗ്രാന്റ് അനുവദിക്കുന്ന സ്ഥാപനങ്ങള്‍ സ്വീകരിക്കില്ല. മാര്‍ക്ക് ട്രാന്‍സ്‌ക്രിപ്റ്റില്‍ സീല്‍ പതിക്കാതെ വിദേശ പഠനം മുടങ്ങിയതായും പരാതിയുണ്ട്. സര്‍വകലാശാലയില്‍ കയറിയിറങ്ങി വിദ്യാര്‍ത്ഥികള്‍ വലയുകയാണ്.