ആദ്യ ഏകദിനത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 67 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 374 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ലങ്കയുടെ പൊരുതൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസിലൊതുങ്ങി.നായകൻ ദാസുൻ ഷനകയുടെ അപരാജിത സെഞ്ചുറിയാണ് ശ്രീലങ്കയുടെ തോൽവിയുടെ ആഴം കുറച്ചത്.പുറത്താകാതെ 108 റൺസ് നേടി തകർത്തു കളിച്ചിട്ടും ഷനാകക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഓപ്പണർ പാതും നിസൻക 72 റൺസെടുത്തു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് മുന്നിൽ വിക്കറ്റ് വീണ് ആടിയുലഞ്ഞ ലങ്കയെ അവസാന ഓവറുകളിൽ നായകൻ തന്നെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ധനഞ്ജയ ഡിസിൽവ 47 റൺസ് നേടി. ആവിഷ്ക ഫെർണാണ്ടോ അഞ്ച് റൺസിനും, കുശാൽ മെൻഡി പൂജ്യത്തിനും, ചരിത് അസലൻക 28 റൺസിനും പുറത്തായി.ഇന്ത്യക്കുവേണ്ടി ഉമ്രാൻ മാലിക് മൂന്ന് വിക്കറ്റുകൾ പിഴുതു. മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, യുവേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
