തിരു.: ഓണക്കിറ്റ് ഇത്തവണയും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റിലേക്ക് ആവശ്യമായ സാധനങ്ങളില്‍ പലതും ഇനിയും സംഭരിക്കാന്‍ സാധിച്ചിട്ടില്ല. ഉപ്പും ഉണക്കലരിയും അടക്കമുള്ള സാധനങ്ങള്‍ എത്തിയില്ല. ഇതിനാല്‍ തന്നെ സപ്ലൈക്കോയ്ക്ക് കിറ്റ് ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഗുജറാത്തില്‍ നിന്നാണ് ഉപ്പ് എത്തേണ്ടത്. ഉപ്പ് കയറ്റിയ കപ്പൽ പുറപ്പെട്ടിട്ടേയുള്ളൂ. ഉപ്പ് കൊച്ചിയില്‍ എത്തിയ ശേഷം മാത്രമേ സംസ്ഥനത്തെ സപ്ലൈക്കോ സ്റ്റോറുകളിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളു. ഘട്ടംഘട്ടമായി മത്രമേ ഉപ്പ് കൊച്ചിയില്‍ എത്തുകയുള്ളൂ. ഉണക്കലരിക്ക് കരാര്‍ നല്‍കിയെങ്കിലും വലിയ അളവില്‍ ലഭിക്കേണ്ടതിനാല്‍ അതും വൈകുന്നുണ്ട്. ഉണക്കലരി എത്തിയാല്‍ അത് തൂക്കി പായ്ക്ക് ചെയ്യാനും സമയം വേണ്ടി വരും. മാത്രമല്ല, കിറ്റ് നല്‍കാനുള്ള സഞ്ചിയും എത്തിയിട്ടില്ല. ഇത് പ്രിന്റ് ചെയ്ത് ഓരോ സപ്ലൈക്കോ സ്റ്റോറുകളിലേക്കും എത്തിയാല്‍ മാത്രമേ കിറ്റ് പൂര്‍ണ്ണമായി തയ്യാറാക്കാന്‍ സാധിക്കുകയുള്ളു.
2021 ല്‍ ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞും തുടർന്നിരുന്നു. എന്നാല്‍, ഇത്തവണ അങ്ങനെയുണ്ടാകരുതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്. ഒരു മാസത്തോളം സമയമുണ്ടെങ്കിലും സാധനങ്ങള്‍ എത്താന്‍ വൈകിയാല്‍, ഇത്തവണയും ഓണക്കിറ്റ് വിതരണം വൈകിയേക്കും.












































































