കുമരകം പഞ്ചായത്തിലെ 6 കറവപ്പശുക്കൾക്ക് ഭക്ഷ്യവിഷബാധ. അട്ടിപ്പീടിക ഭാഗത്ത് ബിനുവിൻ്റെ പശുക്കൾക്കാണു രോഗാവസ്ഥ. വെറ്ററിനറി ഡോ. നീതു സുദർശനൻ പശുക്കളെ പരിശോധിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ റിപ്പോർട്ട് നൽകി. പശുക്കൾക്കു 2 ദിവസമായി ലക്ഷണം കണ്ടു തുടങ്ങിയിരുന്നു. ഇന്നലെ മുതൽ പശുക്കൾ തീർത്തും അവശനിലയിലായി.തുടരെയുള്ള വയറിളക്കമാണു പ്രധാന പ്രശ്നം. തീറ്റ എടുക്കുന്നില്ല. പാൽ ഉൽപാദനം കുറഞ്ഞു. പതിവായി കൊടുക്കുന്ന കാലിത്തീറ്റ കിട്ടാതെ വന്നപ്പോൾ സ്വകാര്യ കമ്പനിയുടെ തീറ്റയാണു കൊടുത്തതെന്നും അതിനു ശേഷമാണ് പശുക്കൾക്കു വയറിളക്കം തുടങ്ങിയതെന്നും ബിനു പറഞ്ഞു.
