തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.
25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം പത്ത് പരമ്പരകൾക്കും ലഭിക്കും. 5000 രൂപ മുതൽ 500 രൂപ വരെ സമ്മാനങ്ങളുണ്ട്.
ഈ വർഷം തിരുവോണം ബംബറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾ വിറ്റുകഴിഞ്ഞു. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. കഴിഞ്ഞവർഷം 71.40 ലക്ഷം ടിക്കറ്റുകളാണ് വില്പന നടന്നത്. നറുക്കെടുപ്പ് നടക്കുന്ന ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ പൊതുജനങ്ങൾക്ക് ടിക്കറ്റ് വാങ്ങാവുന്നതാണ്.