അങ്കമാലി മൂക്കന്നൂരിൽ നടുറോഡിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ ശ്രീമൂല നഗരം സ്വദേശിനിയെ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കന്നൂർ ഫൊറോന പള്ളിക്ക് പിറകുവശത്തെ റോഡിൽ വച്ച് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ശ്രീമൂലനഗരം സ്വദേശിനി റിയയ്ക്കാണ് കുത്തേറ്റത്. ഭർത്താവ് മൂക്കന്നൂർ സ്വദേശി പുതുശ്ശേരി വീട്ടിൽ ജിനുവാണ് കുത്തിയത്. റിയയുടെ കഴുത്തിനും വയറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദഗ്ദ ചികിത്സയ്ക്കായി റിയയെ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. സംഭവശേഷം ഭർത്താവ് ജിനു ഒളിവിലാണ്.
ഇരുവരും തമ്മിൽ ഡിവോഴ്സ് സംബന്ധിച്ച കേസ് കോടതിയിൽ നടന്നുവരികയാണ്. അതിനിടെ വിദേശത്ത് നിന്നും എത്തിയ റിയയ്ക്ക് കോടതി ഇന്ന് കുട്ടികളെ കാണുന്നതിനായി സമയം അനുവദിച്ചിരുന്നു. കുട്ടികളെ കാണുന്നതിനായി ശ്രീമൂലനഗരത്ത് നിന്നും റിയ മൂക്കന്നൂരിലെത്തിപ്പോഴാണ് ഭർത്താവ് ജിനു വഴിയിൽ വച്ച് റിയയെ കുത്തിയത്. ഇരുവരുക്കും 10 ലും 8ലും പഠിക്കുന്ന രണ്ട് ആൺ മക്കളുണ്ട്. അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.