കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ സുഹൃത്ത് റമീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതിനുശേഷം അറസ്റ്റ് അടക്കമുള്ള നടപടിയിലേയ്ക്ക് കടക്കുമെന്നാണ് വിവരം. നേരത്തെ ടിടിസി വിദ്യാർത്ഥിനിയായ സോന എല്‍ദോസിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു.
റമീസിന്റെ വീട്ടില്‍ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നുമാണ് സോനയുടെ കുറിപ്പിലുള്ളത്. കുറിപ്പ് സോന റമീസിന്റെ ഉമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. സോനയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് സോനയുടെ കുടുംബത്തിന്റെ പരാതിയില്‍ റമീസിനെതിരെ ആത്മഹത്യാപ്രേരണ, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി ചേർത്തു. നെടുമ്ബാശേരി വിമാനത്താവളത്തിലെ താത്‌കാലിക ജീവനക്കാരനാണ് റമീസ്. കഴിഞ്ഞ ശനിയാഴ്‌ചയാണ് സോനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരി വലിയ മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി സോനയുടെ സഹോദരൻ ബേസില്‍ എല്‍ദോസ് പറഞ്ഞു. 'റമീസ് കല്യാണാലോചനയുമായി വീട്ടില്‍ വന്നിരുന്നു. റമീസും സോനയും ഒരുമിച്ച് പഠിച്ചതാണ്. വിവാഹത്തിനായി സോന മതം മാറണമെന്ന് റമീസ് ഞങ്ങളോട് പറഞ്ഞു. പൊന്നാനി പോയി രണ്ടുമാസം നില്‍ക്കണമെന്ന് പറഞ്ഞു. സഹോദരിയുടെ ഇഷ്ടം കണക്കിലെടുത്ത് ഞങ്ങളത് സമ്മതിച്ചു. കഴിഞ്ഞദിവസം റമീസിനെ ഇമ്മോറല്‍ ട്രാഫിക്കിന് ഒരു ലോഡ്‌ജില്‍ നിന്ന് പിടിച്ചിരുന്നു. ഇതറിഞ്ഞ സോന ഇനി മതം മാറാൻ പറ്റില്ല, രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞു. സോന കൂട്ടുകാരിയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെനിന്ന് റമീസ് ആലുവയില്‍ പോയി രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കൊണ്ടുപോയി. എന്നിട്ട് വീട്ടില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മർദ്ദിച്ചു. പൊന്നാനിയിലേക്ക് പോകാൻ വാഹനം തയ്യാറാക്കി നിർത്തിയിരിക്കുകയായിരുന്നു. റമീസിന്റെ മാതാപിതാക്കളും സഹോദരിയും കൂട്ടുകാരും അവിടെയുണ്ടായിരുന്നു'- സഹോദരൻ വെളിപ്പെടുത്തി.