നവീകരിച്ച ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ സമർപ്പണം ഇന്ന് രാവിലെ 10ന് മങ്കൊമ്പ് ജംഗ്ഷനിൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 2018ലെ മഹാമാരി കാലത്ത് എസി റോഡും കുട്ടനാട് പൂർണമായും വെള്ളത്താൽ മൂടപ്പെടുകയും കുട്ടനാട് നിവാസികൾ ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും കരകയറുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എസി റോഡ് ആധുനികമായി നവീകരിക്കാൻ പദ്ധതിയിട്ടത്.
24.164 കിലോമീറ്റർ ദൂരം വരുന്ന എസി റോഡ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 752 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. 2021ലാണ് നിർമാണത്തിനു തുടക്കം കുറിച്ചത്.
നാല് വലിയ പാലങ്ങളും 13 ചെറിയ പാലങ്ങളും വെള്ളപ്പൊക്കം രൂക്ഷമാകുന്ന ഭാഗങ്ങളിൽ അഞ്ച് സെമി എലിവേറ്റഡ് ഫ്ലൈഓവറുകളും മൂന്ന് കോസ്വേകളും 73 കലുങ്കുകളും പാലങ്ങളുടെ വശങ്ങളിൽ നടപ്പാതകളും നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. 400 സോളാർ വിളക്കുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്.














































































