കോട്ടയം: എഫ്‍സിആര്‍എ നിയമ ഭേദഗതി വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ. പുതിയ ഭേദഗതിയിലുള്ളത് ഗുണപരമായ നിര്‍ദേശങ്ങളാണെന്നും കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും ജോര്‍ജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. അപ്പീലിന് പോകാനുള്ള അവസരം ഉണ്ടെന്നും ഇതിലൂടെ എഫ്‍സിആര്‍എ അവകാശമായി മാറുകയാണെന്നും എതിര്‍ക്കുന്നവര്‍ അക്കാര്യം ആലോചിക്കണമെന്നും ഇനി ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു. പ്രവർത്തനം ഇല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കുമെന്ന് നിലവിലെ നിയമത്തിൽ തന്നെയുണ്ട്. ആരാധനാലയങ്ങൾ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ്. ഇതൊരു നയം മാറ്റമാണ്. അത് പോസിറ്റീവ് സമീപനമാണ്.
നിലവിൽ എഫ്‍സിആര്‍എ തടയപ്പെട്ടവര്‍ക്ക് കോടതിയിൽ പോകാനാകും. മെത്രാൻമാർക്കെതിരെ കേരളത്തിൽ കേസുണ്ടെങ്കിൽ എഫ്‍സിആര്‍എ തടയപ്പെടും. ശബരിമല കേസിൽ ആർഎസ്എസ് സംഘചാലക് പെട്ടപ്പോൾ അവരുടെ ഫണ്ടും തടഞ്ഞിട്ടുണ്ട്. കേരളത്തിൽ ഉയരുന്ന ആശങ്ക ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പാർലമെന്‍റിൽ ചർച്ചയും വരും. പക്ഷേ തടയപ്പെട്ടാൽ അത് വലിയ നഷ്‌ടമാകും. കിട്ടിയില്ല, കിട്ടിയില്ല എന്ന് വീണ്ടും കരഞ്ഞ് നടക്കേണ്ടി വരും. നല്ല രീതിയിൽ അവതരിപ്പിച്ചതാണ്. ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെങ്കിൽ ഇപ്പോൾ നിയമഭേദഗതി കൊണ്ടുവരുമോയെന്നും ജോർജ് കുര്യൻ ചോദിച്ചു.
അതേസമയം, ജോര്‍ജ് കുര്യനെ തള്ളി ജോസ് കെ മാണി രംഗത്തെത്തി. എഫ്സിആർഎയിൽ കോടതിയിൽ പോകാമെന്ന വ്യവസ്ഥ കണ്ണിൽപൊടിയിടൽ മാത്രമെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. സഭകളുടെ തടഞ്ഞുവച്ച ഫണ്ട് വിട്ട് നൽകാത്തതിൽ മറുപടിയില്ല. ക്രിസ്ത്യൻ വെൽഫയർ ബോർഡ് എന്ന പേരിൽ അടുത്ത കെണിവരുന്നുണ്ട്. വികാരിമാർക്ക് ഓണറേറിയം പോലും വാഗ്ദാനം ചെയ്യുന്ന വ്യവസ്ഥകൾ പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാകാമെന്നും ജോസ് കെ മാണി പറഞ്ഞു.
എഫ്സിആർഎ നിയമ ഭേദഗതി വിവാദത്തിൽ ആശങ്കയറിയിച്ച് ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര രംഗത്തെത്തി. ഭരണഘടനാപരമായ അവകാശങ്ങൾ വിലക്കുന്നതിൽ കടുത്ത ആശങ്കയെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തികൾക്കും സമൂഹങ്ങൾക്കും ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതായിരിക്കണം നിയമം. നിയമം ആയാൽ ഇന്ത്യയിൽ മൊത്തം വിദേശ സംഭാവനകൾക്ക് നിയന്ത്രണം വരും. കത്തോലിക്കാ സഭയുടെ ഒരു ഫണ്ടും ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ല .കേന്ദ്രമന്ത്രിയുടേത് ന്യായീകരിക്കാനുള്ള പാഴ് ശ്രമമാണ്. മുൻകാല പ്രാബല്യം നിയമത്തിൽ വരുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. സഭ പുതിയ പ്രോപോസൽ അധികൃതർക്ക് മുന്നിൽ വയ്ക്കണം. ഇത് രാഷ്ട്രീയ വിഷയമല്ല, വളരെ നാളായി കേന്ദ്രസർക്കാർ പരിഗണിച്ചു വരുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു.














































































