വി. എ. അരുൺ കുമാർൻ്റെ FB പോസ്റ്റിൽ നിന്ന്
പുന്നപ്രയിലെ ഞങ്ങളുടെ വീട് ഇപ്പോൾ വെറുമൊരു വീടല്ല; കേരളത്തിന്റെ പോരാട്ടചരിത്രം ചുവരുകളിൽ പുനർജനിക്കുന്ന ഒരു വിദ്യാലയമായി മാറിയിരിക്കുകയാണ്. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ പ്രഗത്ഭരായ കലാകാരന്മാർ അച്ഛൻ വി.എസ്. അച്യുതാനന്ദൻ്റെ ജീവിതത്തിലെ അനശ്വര മുഹൂർത്തങ്ങൾ ഞങ്ങളുടെ വീടിന്റെ മതിൽക്കെട്ടുകളിൽ ഗ്രാഫിറ്റികളായി വരച്ചുകൊണ്ടിരിക്കുന്നു.

ഓരോ വരിയും ഓരോ വർണ്ണവും അച്ഛൻ നടന്നുകയറിയ കനൽവഴികളെയാണ് അടയാളപ്പെടുത്തുന്നത്. പുന്നപ്ര–വയലാർ വിപ്ലവവീര്യം മുതൽ സാധാരണക്കാരന്റെ നീതിക്കായി നടത്തിയ ഇടപെടലുകൾ വരെ ആ മതിൽചിത്രങ്ങളിൽ തെളിയുന്നത് കാണുമ്പോൾ വാക്കുകൾക്ക് അതീതമായൊരു വികാരമാണ് ഉള്ളിൽ നിറയുന്നത്. ഒരുനൂറ്റാണ്ട് കാലത്തെ ജീവിതാനുഭവങ്ങൾക്കിടയിൽ, ഒരു മകൻ എന്ന നിലയിൽ അച്ഛന്റെ ഈ ജീവിതയാത്രയെ ഇത്രയും മനോഹരമായി ആവിഷ്കരിക്കപ്പെടുന്നത് കാണാൻ സാധിച്ചത് വലിയൊരു നിയോഗമായി ഞാൻ കരുതുന്നു.
വലിയചുടുകാട് സ്മൃതിസ്ഥലത്ത് പ്രണാമം അർപ്പിച്ച ശേഷം നിരവധി പേരാണ് ഓരോ ദിവസവും പുന്നപ്രയിലെ ഈ വീട്ടിലേക്ക് എത്തുന്നത്. ദൂരദിക്കുകളിൽ നിന്നുപോലും എത്തുന്ന അവർ പങ്കുവെക്കുന്ന സ്നേഹവികാരങ്ങൾ പലപ്പോഴും കണ്ണ് നനയിക്കാറുണ്ട്. ഓരോരുത്തർക്കും പറയാനുള്ളത് അച്ഛൻ അവരുടെ ജീവിതത്തിൽ എവിടെയൊക്കെയോ നടത്തിയ ഇടപെടലുകളെക്കുറിച്ചും നൽകിയ തണലിനെക്കുറിച്ചുമാണ്. ആ മനുഷ്യൻ ജനഹൃദയങ്ങളിൽ എത്രമാത്രം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഓരോ സന്ദർശകന്റെയും വാക്കുകളിലുള്ള ആ നീറ്റൽ.

ഈ ചിത്രങ്ങൾ വരുംതലമുറയ്ക്കുള്ള ചരിത്രപാഠങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. അച്ഛന്റെ ജീവിതം കേവലം വ്യക്തിപരമായ ഒന്നല്ല; അത് ഈ നാടിന്റെ അതിജീവനത്തിന്റെ കൂടി കഥയാണ്. കലയിലൂടെ ആ ചരിത്രം വരുംതലമുറയ്ക്കായി സംരക്ഷിക്കപ്പെടട്ടെ.
ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്ന ലളിതകലാ അക്കാദമിയിലെ കലാകാരന്മാർക്കും, സ്നേഹത്തോടെ ഇവിടേക്ക് ഒഴുകിയെത്തുന്ന ഓരോ സാധാരണക്കാരനും ഹൃദയം നിറഞ്ഞ നന്ദി.
— വി. എ. അരുൺ കുമാർ






































































