മന്ത്രി വി.എൻ വാസവൻ, എംഎൽഎ കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൽ സൊസൈറ്റിയാണ് വീട് നിർമിച്ച് നൽകുക.
എല്ലാ ക്രമീകരണങ്ങളും ഒരുക്കി നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. വളരെ ദയനീയമാണ് വാവാ സുരേഷിന്റെ സാഹചര്യങ്ങളെന്നും കിട്ടിയ പുരസ്കാരങ്ങൾ പോലും സൂക്ഷിക്കാനാകാത്ത തരത്തിലുള്ള വീടാണിത്. കണ്ടപ്പോൾ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
'സുരേഷിന്റെ പ്രവൃത്തികൾ തുടരാൻ വേണ്ടിയാണ് വീടിന്റെ കാര്യത്തിൽ ഞങ്ങൾ ഇടപെടുന്നത്. സുരേഷിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വീടാകും നിർമിക്കുക. വീടിന്റെ നിർമാണം ഒരുദിവസം പോലും നിർത്തിവെക്കില്ലെന്നും മന്ത്രി പറഞ്ഞു. വാവാ സുരേഷ് ആശുപത്രിയിൽ കിടന്ന സമയത്താണ് വീടിന്റെ ദയനീയമായ അവസ്ഥ ശ്രദ്ധയിൽ പെട്ടത്. ബോധം വന്ന സമയത്ത് വീട് നിർമിച്ചു നൽകാനുള്ള സന്നദ്ധത അറിയിക്കുകയും അത് സുരേഷ് സമ്മതിക്കുകയുമായിരുന്നു' - മന്ത്രി വാസവൻ വെളിപ്പെടുത്തി.
അടുത്ത ദിവസം എഞ്ചിനീയർ എത്തി വാവാ സുരേഷിന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം അനുസരിച്ച് പ്ലാനുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.














































































