ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ ചെമ്പ് പാളിയെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. സ്വർണ്ണപ്പാളി കൈമാറുമ്പോൾ താൻ ചുമതലയിൽ ഇല്ലായിരുന്നു. സ്വർണ്ണ പാളി കൈമാറുന്നതിന് മൂന്നുദിവസം മുൻപ് സ്ഥാനം ഒഴിഞ്ഞു. മഹസറിൽ താൻ ഒപ്പിട്ടിട്ടില്ല. വിഷയത്തിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ട്. എന്നാൽ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു ആലപ്പുഴയിൽ പറഞ്ഞു.
ദ്വാരപാലക ശില്പങ്ങളിൽ ഉള്ളത് ചെറിയ ശതമാനം സ്വർണം മാത്രം. സ്വർണം പൊതിഞ്ഞത് മേൽക്കൂരയിൽ മാത്രമെന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെ അല്ല. അതുകൊണ്ടാണ് മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗത്ത് തിളക്കം നഷ്ടപ്പെടാത്തത്.
ശില്പങ്ങളിൽ ചെമ്പ് തെളിഞ്ഞതോടെയാണ് സ്വർണ്ണം പൂശാൻ കൈമാറിയത്. റിപ്പോർട്ടിൽ ചെമ്പു പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. താൻ നൽകിയത് പ്രിലിമിനറി റിപ്പോർട്ട് മാത്രമെന്നും മുരാരി ബാബു വ്യക്തമാക്കി.