ആഗോള അയ്യപ്പസംഗമത്തില്‍ എൻ.എസ്.എസ് പങ്കെടുക്കും. പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാൻ സംഘടന തീരുമാനിച്ചു. രാഷ്ട്രീയക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിനിർത്തണമെന്ന എൻ.എസ്.എസ് ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് സംഗമത്തില്‍ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് സംഘടന വ്യക്തമാക്കി. എൻ.എസ്.എസിന് പുറമേ എസ്.എൻ.ഡി.പിയും സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍, സംഗമത്തിന് എതിരായ നിലപാടാണ് കോണ്‍ഗ്രസും ബി.ജെ.പിയും സ്വീകരിച്ചത്.
ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാർ, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിച്ച് ആഗോള തീർഥാടനകേന്ദ്രമാക്കി ഉയർത്തുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.