തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഭിന്നത. സീറ്റ് നിഷേധിക്കപ്പെട്ട കേരള കോണ്‍ഗ്രസ് 18 ഡിവിഷനുകളില്‍ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
യുഡിഎഫിന്‍റെ മേയർ സ്ഥാനാർഥി കെ.എസ് ശബരീനാഥൻ മത്സരിക്കുന്ന കവടിയാർ ഉള്‍പ്പെടെയുള്ള ഡിവിഷനുകളിലാണ് സ്ഥാനാർഥി പ്രഖ്യാപനം.
തിരുവനന്തപുരം കോർപ്പറേഷനില്‍ യുഡിഎഫ് ഘടകകക്ഷികളുമായി നടന്ന സീറ്റ് ചർച്ചയില്‍ ആർഎസ്പിക്ക് അഞ്ചും സിഎംപിക്ക് മൂന്നും വീതം സീറ്റുകള്‍ നല്‍കാനായിരുന്നു ധാരണ. എന്നാല്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നല്‍കിയില്ല.
മാത്രമല്ല 2020ല്‍ മത്സരിച്ച പൂന്തുറയും കോണ്‍ഗ്രസ് തിരിച്ചെടുത്തു. ഇതോടെയാണ് കേരള കോണ്‍ഗ്രസ് ഇടഞ്ഞത്. പിന്നാലെ 32 വാർഡുകളില്‍ തനിച്ച് മത്സരിക്കാനുമാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 18 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് പ്രചാരണ പ്രവർത്തനങ്ങള്‍ക്കും തുടക്കമിട്ടു.
ഇവിടെ സാമുദായിക സംഘടനകളുടെ പിന്തുണയുള്ള ജോസഫ് അലക്സാണ്ടർ ആണ് സ്ഥാനാർഥി. പൂന്തുറ, വിഴിഞ്ഞം പോർട്ട്, സൈനിക സ്കൂള്‍ ഡിവിഷനുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയും എന്നാണ് കേരള കോണ്‍ഗ്രസിന്‍റെ അവകാശവാദം.
ഇതിനിടെ അനുനയ നീക്കത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിജയ സാധ്യതയുള്ള ഒരു സീറ്റ് എങ്കിലും ലഭിച്ചില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.












































































