കോട്ടയം: അകലക്കുന്നത്ത് കർഷകർക്ക് ഇനി ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു സ്മാർട്ട് ഫോൺ ഉണ്ടായാൽ മതി. നാട്ടുകാർക്ക് കാർഷിക വിളകൾ വാങ്ങാനും ഒന്നോ രണ്ടോ ക്ലിക്ക് മാത്രം. ഡിജിറ്റൽ കാർഷിക വിപണിയെ പ്രോത്സാഹിപ്പിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ചിരിക്കുകയാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. പാമ്പാടി ആർ.ഐ.ടി.യുടെ സഹായത്തോടെ നിർമ്മിച്ച 'ഫാം കാർട്ട് ഡിജിറ്റൽ കാർഷിക വിപണി' എന്ന മൊബൈൽ അപ്ലിക്കേഷന്റെ ഉദ്ഘാടനം പൂവത്തിളപ്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കാർഷിക മേഖലയിൽ ആധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിലൂടെ കർഷകന്റെ വരുമാനത്തിൽ വർദ്ധനവ് ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ആപ്പിലൂടെ കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന വിളകൾ,കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, കാർഷിക അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ ഇടനിലക്കാർ ഇല്ലാതെ തന്നെ വിൽപ്പനയ്ക്ക് വെക്കാം. ആവശ്യക്കാർക്ക് അവരെ ബന്ധപ്പെട്ട് ഉൽപ്പന്നങ്ങൾ വില പറഞ്ഞ് വാങ്ങാം. ലൊക്കേഷൻ ഉൾപ്പെടെ ആപ്പിൽ നിന്ന് ലഭിക്കും. ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച ആപ്ലിക്കേഷൻ്റെ അടുത്ത ഘട്ടത്തിൽ സാധനങ്ങളുടെ വില ആപ്പിലൂടെ തന്നെ നൽകാവുന്ന രീതിയിൽ വികസിപ്പിക്കും. ജൈവ വള വിപണിക്കുള്ള സാധ്യതയും പിന്നീട് തുറന്നു നൽകും.
പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും ആളുകൾക്ക് മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത് രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാം.
അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ്, അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, സെക്രട്ടറി സജിത്ത് മാത്യൂസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാധാ വി. നായർ, ജോസ്മോൻ മുണ്ടയ്ക്കൽ, കോട്ടയം ആർ.ഐ.റ്റി. പ്രിൻസിപ്പൽ എ. പ്രിൻസ്, സ്ഥിരംസമിതി അധ്യക്ഷരായ ശ്രീലത ജയൻ, ജേക്കബ് തോമസ് താന്നിക്കൽ, ജാൻസി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോബി ജോമി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലെൻസി തോമസ്, മുൻ വൈസ് പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരൻ നായർ, ആർ.ഐ.റ്റി പ്രതിനിധികളായ വി.എം. പ്രദീപ്, കെ.കെ. നിഷ, മുൻ സ്ഥിരം സമിതി അധ്യക്ഷ റ്റെസി രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ജോർജ് തോമസ്, ഷാന്റി ബാബു, കെ.കെ. രഘു, ജീന ജോയി, അകലക്കുന്നം കൃഷി വകുപ്പ് ഉദ്യോഗസ്ഥ ഡോ. രേവതി ചന്ദ്രൻ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടോമി മാത്യു ഈരൂരിയ്ക്കൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ, അഡ്വ.പ്രദീപ് കുമാർ, ജയകുമാർ കാരിയ്ക്കാട്ട്, വി.പി. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.