കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യും. സർക്കാർ 603 ദിവസങ്ങളിലായി വിപുലമായ പ്രചരണ പരിപാടികളോടെയാണു ശതാബ്ദി ആഘോഷം സംഘടിപ്പിക്കുകയെന്നു മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് ഉച്ചകഴിഞ്ഞു മൂന്നിനു വൈക്കം ബോട്ട്ജെട്ടിയിലാണു സമ്മേളനം. വൈക്കം പെരിയാർ സ്മാരകത്തിൽ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ നടത്തുന്ന പുഷ്പാർച്ചനയ്ക്കു ശേഷമാണു സമ്മേളനം ആരംഭിക്കുക. മഹാത്മാ ഗാന്ധി, പെരിയാർ, ടി.കെ. മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളോടൊപ്പം കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ തുടങ്ങിയ സത്യഗ്രഹികളുടെ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപങ്ങളിലും പുഷ്പാർച്ചന നടത്തും.
