ഭരണകർത്താക്കൾ ന്യൂനപക്ഷങ്ങളെയും, ക്രിസ്ത്യാനികളെയും സ്നേഹിക്കുന്നുവെന്ന് വിളിച്ചുപറയുകയും പിന്നീട് പിന്നണി പ്രവർത്തകർ ക്രിസ്ത്യാനികളെ ഉപദ്രവിക്കുകയും ചെയ്യുമ്പോൾ ഇതിനോട് കണ്ണടയ്ക്കുന്ന രീതി ഏറെ സങ്കടകരമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം മേധാവിയും, കോട്ടയം ഭദ്രാസനാധിപനുമായ ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇത് അഹിംസയുടെ നാടിന് ചേർന്നതല്ല.
ഭാരതത്തിൻ്റെ ഭരണഘടന എല്ലാ മത വിശ്വാസങ്ങൾക്കും, വിശ്വാസികൾക്കും ഒരുപോലെ തുല്യത നൽകി മറ്റുള്ളവരുടെ ഇടയിലേക്ക് കടന്ന് കയറാതെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉറപ്പു നൽകുമ്പോൾ ഇതിനു തുരങ്കം വയ്ക്കുന്ന പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിൽ പതുക്കെ പതുക്കെ ഉയർന്ന വരുന്നതായും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
കേരളത്തിൽ നടക്കുന്ന ഒരു ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ജാതിയോ മതമോ മറ്റു വിവേചനങ്ങളോ ഇല്ല. എല്ലാ മതങ്ങളുടെയും ആചരണങ്ങളെ പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ഉൾക്കൊള്ളുന്ന നാടാണ് കേരളം.
ഭാരതവും അതുപോലെ ബഹുസ്വരതയുടെ നാടാണ്. രാജ്യത്ത് നിറഞ്ഞുനിൽക്കുന്നത് അഹിംസയാണ് അക്രമമല്ല. ഭീഷണിയല്ല. എന്നാൽ അങ്ങനെ അല്ല എന്നുണ്ടെങ്കിൽ അവിടെ ഭരണകർത്താക്കൾ കണ്ണ് തുറക്കണമെന്നും, നാടിൻ്റെ ശാന്തിയും സമാധാനവും നിലനിർത്തണമെന്നും ക്രിസ്മസ് നൽകുന്ന സന്ദേശവും ഇതാണെന്നും കോട്ടയം പാമ്പാടി സെൻ്റ്. ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് ശുശ്രൂഷാ ചടങ്ങുകളിൽ പ്രധാന കാർമ്മികത്വം വഹിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കേരളവും ഭാരതവും മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുത തയുടെയും, സ്നേഹത്തിന്റെയും അടയാളമായി ഉറച്ച് നിൽക്കണം. നമ്മുടെ നാട്ടിൽ ക്രൈസ്തവ സമൂഹത്തിന് ഏറ്റവും കൂടുതൽ സംരക്ഷണം നൽകുന്നത് ഹൈന്ദവരും മുസ്ലിം വിഭാഗങ്ങളുമാണ്. ഇതിനെതിതിരായ പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ ഭരണകർത്താക്കൾ ഉറക്കം നടിച്ചാൽ പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.















































































