യുഎഇ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന്റെ അർധ വാർഷിക ലക്ഷ്യം (1%) പൂർത്തീകരിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ പരിശോധന ഊർജിതമാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
അതേസമയം നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വൻ തുക ഈടാക്കും. കൂടാതെ സർക്കാർ ആനുകൂല്യവും റദ്ദാക്കും. സ്വദേശിവൽക്കരണത്തിൽ കൃത്രിമം കാട്ടുന്ന കമ്പനിയും കനത്ത പിഴ അടയ്ക്കേണ്ടിവരും. ആദ്യ തവണ ഒരു ലക്ഷം ദിർഹമാണ് പിഴ ചുമത്തുക. കുറ്റം ആവർത്തിച്ചാൽ 3 ലക്ഷവും മൂന്നാം തവണയും നിയമം ലംഘിച്ചാൽ 5 ലക്ഷം ദിർഹവുമാണ് പിഴ.
മൂന്നര വർഷത്തിനിടെ 2200 കമ്പനികൾക്കെതിരെ നടപടിയെടുത്തെന്നും മന്ത്രാലയം വ്യക്തമാക്കി. 2022ൽ ആരംഭിച്ച ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം.