പാസഞ്ചറിന് പുറമെ പുതിയ ഒരു ട്രെയിൻ കൂടി ഗുരുവായൂരിന് അനുവദിക്കണമെന്ന് ആവശ്യപെട്ടിട്ടുള്ളതായും മന്ത്രി പറഞ്ഞു. പുതിയ ഡിആർഎമ്മിന് ഇത് സംബന്ധിച്ച നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മെട്രോ ട്രെയിൻ വിപുലീകരിച്ച് ആർആർടിഎസ് സംവിധാനത്തിലൂടെ തീരദേശം വഴി ഗുരുവായൂർ വരെ എത്തിക്കുന്നതിനെക്കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്.
ഒരോ 12.5 കിലോമീറ്റിലും ഒരു സ്റ്റേഷൻ എന്ന രീതിയിലാണ് ഇതിന്‍റെ ആലോചനകള്‍ നടക്കുന്നത്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് തന്നാല്‍ ഗുരുവായൂരില്‍ നിന്ന് വടക്കോട്ടുള്ള പാത നടപ്പിലാക്കാനാവും. ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളതായും സുരേഷ് ഗോപി പറഞ്ഞു. ചിരിച്ചുകാണിച്ച് ഇപ്പോ ശരിയാക്കും എന്നുപറഞ്ഞ് ഒരു നിമിഷം മുന്നോട്ട് പോകാൻ തയാറല്ല. ശ്രമിക്കും എന്നുപറഞ്ഞാല്‍ ശ്രമിക്കും, ചെയ്യും എന്നുപറഞ്ഞാല്‍ ചെയ്തിരിക്കും. ഗുരുവായൂർ പടിഞ്ഞാറേ നടയില്‍ നടന്ന കലുങ്ക് സംവാദത്തില്‍ മന്ത്രി പറഞ്ഞു.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട പരാതി, ഇഎസ്‌ഐയുടെ ശോചനീയാവസ്ഥ,ഗുരുവായൂരിലെ വ്യാപാരികളുടെ കുടിയൊഴിപ്പിക്കല്‍ പ്രശ്നം തുടങ്ങിയവയുടെ നിവേദനങ്ങളും മന്ത്രി സ്വീകരിച്ചു.
സ്റ്റാർട്ടപ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സഹായം ചോദിച്ച ആളോട് പദ്ധതി രേഖ മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിക്കാൻ നിർദേശിച്ചു. തുടർനടപടികള്‍ അവിടെനിന്ന് ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.
ബിജെപി നോർത്ത് ജില്ലാ പ്രസിഡന്‍റ്് സി. നിവേദിത, ഗുരുവായൂർ മണ്ഡലം പ്രസിഡന്‍റ് അനില്‍ മഞ്ചറമ്പത്ത്, നേതാക്കളായ കെ.കെ. അനീഷ്കുമാർ, സുഭാഷ് മണ്ണാരത്ത്, കെ. ആർ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.