കൊച്ചി: ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രീം കോടതി ജഡ്ജിയായതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ജസ്റ്റിസ് ഭട്ടി സുപ്രീം കോടതിയിലെത്തിയതോടെ ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസാക്കിയിരുന്നു.
ഗുജറാത്ത് ഹൈക്കോടതിയിൽ 1983 മുതൽ '89 വരെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി. ദേശായിയുടെ മകനാണ് എ.ജെ. ദേശായി. 1962 ജൂലായ് അഞ്ചിന് വഡോദരയിൽ ജനിച്ച അദ്ദേഹം അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും എൽ.എ.ഷാ ലോകോളജിൽ നിന്ന് നിയമപഠനവും പൂർത്തിയാക്കിയശേഷം 1985ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2011 നവംബർ 21നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായത്.