നേരത്തെ നൽകിയ സത്യവാങ്മൂലം തെറ്റാണെന്ന് സമ്മതിച്ച സർക്കാർ കോടതിയിൽ ഖേദപ്രകടനം നടത്തി.
നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാതയുടെ ഭൂമി വനംവകുപ്പിന്റേതാണെന്ന് ജൂലൈ 11-ന് നൽകിയ സത്യവാങ്മൂലമാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
റോഡ് നിർമ്മിച്ച കാലം മുതൽ ഈ ഭൂമി പൊതുമരാമത്ത് വകുപ്പിന്റേതാണ് എന്നാണ് പുതിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയത്. റോഡും സമീപത്തെ 50 അടി വീതിയിലുള്ള ഭൂമിയും പൊതുമരാമത്ത് വകുപ്പിന്റേതാണെന്നും രാജഭരണകാലത്ത് തന്നെ ഈ ഭൂമി വനം വകുപ്പിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്നും പുതിയ സത്യവാങ്മൂലത്തിൽ പറയുന്നു.
വനഭൂമിയാണെന്ന സത്യവാങ്മൂലത്തെ തുടർന്ന് വനംവകുപ്പിന്റെ അനുമതിയില്ലാതെ മരങ്ങൾ മുറിച്ചുമാറ്റിയെന്ന് കാണിച്ച് ഹർജി കോടതിയിൽ എത്തുകയും, തുടർന്നാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമ്മാണം ഹൈക്കോടതി വിലക്കുകയും ചെയ്തത്.












































































