മസ്തിഷ്കത്തിൽ അപൂർവ അണുബാധ മൂലം സൗത്ത് കൊറിയയിൽ ആദ്യ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് തായ്ലൻഡിൽ നിന്ന് മടങ്ങിയെത്തിയ കൊറിയൻ സ്വദേശി മരിച്ചത്. ഇയാൾക്ക് ബ്രെയ്ൻ ഈറ്റിങ് അമീബ അഥവാ നെരിയ ഫോറി ബാധിച്ചതാണെന്നാണ് കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (കെഡിസിഎ) വ്യക്തമാക്കുന്നത്. ബ്രെയിൻ ഈറ്റിംഗ് അമീബയെ സാധാരണയായി കാണുന്നത് വെള്ളത്തിലും മണ്ണിലും ആണ്. തലവേദന, പനി, ഛർദി, അവ്യക്തമായ സംസാരം എന്നീ രോഗ ലക്ഷണങ്ങളാണ് മരിച്ച വ്യക്തിയിൽ കാണപ്പെട്ടത്. 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മരണം. 1937ൽ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി നിലവിൽ തെളിവുകൾ ഒന്നുമില്ല. നിലവിൽ ഈ അസുഖത്തിന് മാത്രമായി വാക്സിനും കണ്ടെത്തിയിട്ടില്ല.
















































































