തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ താപനിലയിൽ നേരിയ കുറവുണ്ടായെങ്കിലും, വരും ദിവസങ്ങളിൽ ചൂടു കൂടുമെന്ന് വിദഗ്ധർ. കാലാവസ്ഥാ വകുപ്പിൻ്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ കൂടിയ ചൂട് തൃശൂർ വെള്ളാനിക്കരയിലും കൊച്ചി വിമാനത്താവളത്തിലുമായിരുന്നു.വടക്കൻ ജില്ലകളിൽ അനുഭവപ്പെടുന്ന കൊടുംചൂട് ഇനി മധ്യകേരളത്തിലേക്കും തീരദേശ മേഖലകളിലേക്കും വ്യാപിച്ചേക്കും. ഉത്തരേന്ത്യയിലെ എതിർ ചക്രവാതച്ചുഴി കാരണം ചൂട് വായു ഇങ്ങോട്ടു നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിനു കാരണമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റഡാർ സെൻ്റർ ഡയറക്ടർ പറഞ്ഞു.
