ആരോഗ്യ സേവനവും മെഡിക്കൽ വിദ്യാഭ്യാസവും സംരക്ഷിക്കാനായി മെഡിക്കൽ PG വിദ്യാർത്ഥികളും ഹൗസ് സർജൻമാരും പണിമുടക്ക് സമരത്തിന് മെഡിക്കൽ സർവീസ് സെന്റർ സംസ്ഥാന ചാപ്റ്റർ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മെഡിക്കൽ കോളേജുകളിലെ സേവനങ്ങൾ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് വിദ്യാർത്ഥികളായ ഹൗസ് സർജൻമാരും PG വിദ്യാർത്ഥികളും.
പല ഷിഫ്റ്റുകളിൽ തുടർച്ചയായി പണിയെടുക്കാൻ അവർ നിർബന്ധിതരാവുന്നു. അവരുടെ വ്യക്തിപരമായ ആവശ്യങ്ങളോ മാനസികാവസ്ഥയോ എന്തിന് പഠനകാര്യങ്ങൾ പോലുമോ പരിഗണിക്കപ്പെടാറില്ല. മാത്രമല്ല, ശമ്പളമില്ലാത്ത നിർബന്ധിത ജോലിയാണ് ഓരോ ഹൗസ് സർജനും PG വിദ്യാർത്ഥിയും ചെയ്തുതീർക്കുന്നത്. എപ്പോൾ വേണമെങ്കിലും മർദ്ദനത്തിന് ഇരയാക്കപ്പെടുന്ന തൊഴിൽ സാഹചര്യമാണ് നിലനിൽക്കുന്നത്.
ഈ പശ്ചാതലത്തിലാണ് അർഹമായ സ്റ്റൈപ്പന്റ് (ഹൗസ് സർജൻമാർക്കും മെഡിക്കൽ PG വിദ്യാർത്ഥികൾക്കുമുള്ള സാമ്പത്തിക സഹായം) നൽകുക, സീനിയർ റസിഡന്റ് പോസ്റ്റുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് നവംബർ 8ന് വിദ്യാർത്ഥികൾ പണിമുടക്കുന്നത്…!
വിദ്യാർത്ഥികളാണെങ്കിലും ഹൗസ് സർജൻമാരും PG വിദ്യാർത്ഥികളും, തങ്ങളുടെ പഠനച്ചെലവുകളും, പലർക്കും കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങളും പേറേണ്ടി വരാറുണ്ട്. എന്നാൽ തുച്ഛമായ സ്റ്റൈപ്പന്റ് മാത്രമാണ് അവരുടെ ഏക ആശ്രയം. അതിൽ അർഹമായ വർധനവ് ന്യായമായതിലും കുറഞ്ഞൊരു ആവശ്യം മാത്രമാണ്. സത്യത്തിൽ ഒരു സ്ഥിരം ഡോക്ടർക്ക് നൽകുന്ന ശമ്പളവും ആനുകൂല്യങ്ങളും തന്നെ ഈ വിദ്യാർത്ഥികൾക്ക് ആവശ്യപ്പെടാമായിരുന്നു. അത്രയും സേവനങ്ങൾ അവർ സമൂഹത്തിന് നൽകുന്നുണ്ട്.
സ്‌റ്റൈപ്പന്റ് വർധനവ് വിദ്യാർത്ഥികളെ കൂടുതൽ സേവന സജ്ജരാക്കുകയും അതുവഴി പൊതുജനാരോഗ്യ സേവനത്തെ നിലനിർത്താൻ ഒരു പരിധിവരെയെങ്കിലും ഉതകുമെന്നതിനാൽ ഈ ആവശ്യത്തെ മെഡിക്കൽ സർവീസ് സെന്റർ പരിപൂർണമായും പിന്തുണയ്ക്കുന്നു.
സീനിയർ റസിഡന്റ് സീറ്റുകൾ വർധിപ്പിക്കുക, പഠിച്ച കോളേജിൽ തന്നെ സീനിയർ റസിഡന്റായി നിയമിക്കുക എന്നതുമാണ് വിദ്യാർത്ഥികളുടെ രണ്ടാമത്തെ ആവശ്യം. PG വിദ്യാർത്ഥികൾ അനുഷ്ഠിക്കേണ്ട ഒരു വർഷത്തെ നിർബന്ധിത സേവനത്തിന് സർക്കാർ കൊടുത്തിരിക്കുന്ന ഓമനപ്പേരാണ് 'സീനിയർ റസിഡന്റ്'. യഥാർത്ഥത്തിൽ, നിർബന്ധിത സേവനം അവസാനിപ്പിക്കാനും തങ്ങളെ സ്ഥിരമായി ആരോഗ്യ വകുപ്പിൽ നിയമിക്കാനുമായിരുന്നു വിദ്യാർത്ഥികൾ ആവശ്യപ്പെടേണ്ടിയിരുന്നത്. ആ അർത്ഥത്തിൽ ന്യായമായതിലും കുറഞ്ഞ ആവശ്യമാണ് വിദ്യാർത്ഥികൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കാൻ ഒരു പരിധിവരെയെങ്കിലും ഉതകുമെന്നതിനാൽ പ്രസ്തുത ആവശ്യത്തേയും മെഡിക്കൽ സർവീസ് സെന്റർ പിന്തുണയ്ക്കുകയാണ് എന്ന് അറിയിച്ചു.എന്നന്നേക്കുമായി ഒപികൾ ഇല്ലാതാവാതിരിക്കാനാണ് വിദ്യാർത്ഥികൾ ഒരു ദിവസം ഒപി ബഹിഷ്കരിച്ച് പണിമുടക്കുന്നത്. അതിനാൽ, വിദ്യാർത്ഥികളുടെ സമരത്തെ ത്യാഗമനോഭാവത്തോടെ സ്വീകരിക്കണമെന്നും സമരത്തെ പിന്തുണയ്ക്കണമെന്നും ആരോഗ്യ പ്രവർത്തകരെ സ്ഥിരമായി നിയമിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു എന്ന് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ഡോ.കെ.ഹരിപ്രസാദ്(പ്രസിഡന്റ്)ഡോ.തുഷാര തോമസ് എന്നിവർ അറിയിച്ചു.
'