അർജന്റീന ടീം നവംബറില്‍ കേരളം സന്ദർശിക്കില്ലെന്ന് അർജന്റീനിയൻ മാദ്ധ്യമം ലാ നാസിയോണ്‍ റിപ്പോർട്ട് ചെയ്യുകയും ഇന്ത്യൻ പര്യടനം നടക്കാൻ സാദ്ധ്യതയില്ലെന്ന് ടീമിനോട് അടുപ്പമുള്ള മാദ്ധ്യമപ്രവർത്തകനായ ഗാസ്റ്റണ്‍ എഡുള്‍ എക്‌സില്‍ പോസ്റ്റിടുകയും ചെയ്തതോടെ വീണ്ടും അനിശ്ചിതത്വം ഉയർന്നു.
അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികതയോടെ പങ്കുവെയ്ക്കുന്ന മാദ്ധ്യമപ്രവർത്തകനാണ് ഗാസ്റ്റണ്‍ എഡുള്‍. ആവർത്തിച്ചുള്ള കരാർ ലംഘനങ്ങള്‍ കാരണം കേരളവുമായുള്ള കരാർ പരാജയപ്പെട്ടുവെന്നാണ് അർജന്റീന ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ലാ നാസിയോണിന്റെ റിപ്പോർട്ട്. പുതിയ തീയതിക്കായി കരാർ പുനഃക്രമീകരിക്കാനാണ് നീക്കം. അടുത്ത വർഷം മാർച്ചില്‍ സൗഹൃദ മത്സരം നടത്താനുള്ള സാദ്ധ്യത പരിശോധിച്ചുവരുന്നുവെന്നും ലാ നാസിയോണ്‍ പറയുന്നു.
സൗഹൃദ മത്സരത്തിനുള്ള വേദിയായ കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സൗകര്യങ്ങളടക്കം വിലയിരുത്താൻ എ.എഫ്.എ പ്രതിനിധി ഹെക്ടർ ഡാനിയേല്‍ കാബ്രേര കഴിഞ്ഞ മാസം കൊച്ചിയിലെത്തിയിരുന്നു. മത്സരം ഷെഡ്യൂള്‍ പ്രകാരം നടക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും, ടീം നവംബർ 17 ന് കൊച്ചിയിൽ കളിക്കുമെന്നും സ്പോൺസർ ആൻ്റോ അഗസ്റ്റിൻ പറഞ്ഞു.