ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി-20 മത്സരത്തില്‍ 30 റണ്‍സിന് ജയിച്ച ഇന്ത്യ അഞ്ചുമത്സര പരമ്പര 3-1ന് സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ 231 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി 201/8ല്‍ ഒതുക്കിയാണ് ഇന്ത്യ പരമ്പരവിജയം ആഘോഷിച്ചത്. അർദ്ധസെഞ്ച്വറികള്‍ നേടിയ തിലക് വർമ്മയും (73) ഹാർദിക് പാണ്ഡ്യയും (63), 37 റണ്‍സ് നേടിയ സഞ്ജു സാംസണും 34 റണ്‍സ് നേടിയ അഭിഷേക് ശർമ്മയും ചേർന്നാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. നാലുവിക്കറ്റ് വീഴ്ത്തി വരുണ്‍ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീഴ്ത്തി ബുംറയും ബൗളിംഗിലും തിളങ്ങി.65 റണ്‍സടിച്ച ക്വിന്റണ്‍ ഡി കോക്കിനും 31 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസിനും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയില്‍ പിടിച്ചുനില്‍ക്കാനായത്.
പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സഞ്ജുവിനും കുല്‍ദീപിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനും ഇന്ത്യ അവസരം നല്‍കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിട്ടുനിന്ന ജസ്പ്രീത് ബുംറ തിരിച്ചെത്തി. ഹർഷിത് റാണയാണ് കഴിഞ്ഞമത്സരത്തില്‍ കളിച്ചിരുന്നത്.
ഇതോടെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് പര്യവസാനമായി. ടെസ്റ്റ് പരമ്പരയില്‍ തോറ്റ ഇന്ത്യ ഏകദിനത്തിലും പരമ്പര നേടിയിരുന്നു.













































































