കോട്ടയം: കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ വിഭാഗവും സ്പീക്ക് മാക്കേയും ചേർന്ന് സംഘടിപ്പിക്കുന്ന വനിത ആർട്ട് ഫെസ്റ്റ്് വാഴൂരിൽ നടന്നു.
അനുഗ്രഹ റിന്യൂവൽ സെന്ററിൽ സർക്കാർ ചീഫ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി അധ്യക്ഷത വഹിച്ചു.
സ്ത്രീകളുടെ കലാപ്രതിഭ വളർത്തുകയും സാമൂഹ്യ ഇടപെടലുകൾ ശക്തിപ്പെടുത്തുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ആർട്ട് ഫെസ്റ്റ് നടത്തുന്നത്. വിദഗ്ധരുടെ നേതൃത്വത്തിൽ വിവിധ കലാരൂപങ്ങളുടെ പരിശീലനവും അവതരണവും അരങ്ങേറും.
ഒഡീസി നൃത്തം, കഥക്, ഹിന്ദുസ്ഥാനി സംഗീതം, യോഗ, പനയോല നെയ്ത്ത് , കളിമൺ ശിൽപനിർമാണം തുടങ്ങിയവയിൽ ശിൽപശാലകളും വിവിധ കലാപരിപാടികളും നടക്കും. സെപ്റ്റംബർ 15 ന് ഫെസ്റ്റ് സമാപിക്കും.