നിലമ്പൂർ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ പ്രതീക്ഷകള്‍ തകർത്ത് യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മുന്നേറ്റം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം പത്ത് റൌണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 6402 വോട്ടുകള്‍ക്കാണ് യു ഡി എഫ് ലീഡ് ചെയ്യുന്നത്. ആര്യാടന്‍ ഷൗക്കത്തിന് ഇതുവരെ 40152 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എം സ്വരാജിന് നേടാന്‍ സാധിച്ചത് 33750 വോട്ടുകളാണ്.
പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍ 11578 വോട്ടുകളുമായി മുന്‍ എം എല്‍ എ പിവി അന്‍വറും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. എന്‍ ഡി എക്ക് വേണ്ടി മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥി അഡ്വ.മോഹന്‍ ജോർജിന് നേടാനായത് 4575 വോട്ടുകളാണ്. എസ് ഡി പി ഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടി 1244 വോട്ടുകളും നേടി.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ യു ഡി എഫിന് വ്യക്തമായ മേല്‍ക്കൈ ലഭിച്ചിരുന്നു. പിന്നാലെ വഴിക്കടവ് പഞ്ചായത്തിലെ ഇവിഎം വോട്ടുകള്‍ എണ്ണാന്‍ തുടങ്ങി. യു ഡി എഫ് പഞ്ചായത്തില്‍ ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയില്ലെങ്കില്‍ 1200 ഓളം വോട്ടുകളുടെ ഭൂരിപക്ഷം സ്വരാജിനെതിരെ നേടാന്‍ സാധിച്ചു. പിന്നാലെ എണ്ണിയ ലീഗിന്റെ ശക്തി കേന്ദ്രമായി മൂത്തേടത്തും എടക്കരയിലും പ്രതീക്ഷിച്ചത്തിനും അപ്പുറത്തുള്ള മുന്നേറ്റം നടത്താന്‍ സാധിച്ചു.
ആദ്യ മൂന്ന് പഞ്ചായത്തുകളിലും യു ഡി എഫിന് മേല്‍ക്കൈ നേടാനാകുമെന്ന് എല്‍ ഡി എഫും വിലയിരുത്തിയിരുന്നു. വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും ആര്യാടന്‍ ഷൗക്കത്ത് മുന്നേറിയാലും അടുത്തതായി എണ്ണുന്ന പോത്തുകല്ലില്‍ എം സ്വരാജിന് ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു എല്‍ ഡി എഫ് കണക്കുകൂട്ടല്‍. എന്നാല്‍ ആ കണക്ക് കൂട്ടലും തകർത്തുകൊണ്ടാണ് എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ യു ഡി എഫ് മുന്നേറിയത്.