തിരു.: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാനായി ഇന്ന് അർദ്ധരാത്രിയ്ക്ക് ശേഷം കടലിലിറക്കും.
മഴ കുറഞ്ഞത് മത്സ്യലഭ്യത കുറയ്ക്കുമെന്ന ആശങ്ക മത്സ്യത്തൊഴിലാളികൾക്കുണ്ട്. എങ്കിലും പ്രതീക്ഷയോടെ കടലിൽ പോകാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ.
നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുന്നത്.പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറായിക്കഴിഞ്ഞു. ഇന്ന് അർദ്ധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തീരത്ത് തിരികെയെത്തും.
ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതിൽ മത്സ്യത്തൊഴിലാളികൾക്ക് പരാതിയുണ്ട്. യന്ത്രവൽകൃത ബോട്ടുകളിൽ മീൻ പിടിത്തം തുടങ്ങുന്നതോടെ മീൻ വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.