എഎഫ്സി ചാമ്ബ്യന്‍സ് ലീഗില്‍ ഐഎസ്‌എല്‍ ടീമായ എഫ് സി ഗോവയും സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ടീമായ അല്‍ നസ്‌റും ഒരേ ഗ്രൂപ്പില്‍. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് എഫ് സി ഗോവ അല്‍ നസ്‌റിനൊപ്പം ഇടം നേടിയത്. അല്‍ നസ്‌റിനും എഫ് സി ഗോവക്കുമൊപ്പം ഇറാഖില്‍ നിന്നുള്ള അല്‍ സവാര എഫ് സിയും തജിക്കിസ്ഥാനില്‍ നിന്നുള്ള എഫ് സി ഇസ്റ്റിക്ലോളുമാണ് ഇടം നേടിയത്.
അല്‍ നസ്‌റിന്റെ ഗ്രൂപ്പില്‍ ഇടം നേടിയതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനുള്ള വഴിയൊരുങ്ങി. അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസി കേരളത്തിലെത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് ഫുട്‌ബോളിലെ മറ്റൊരു സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാന്‍ വഴിയൊരുങ്ങുന്നത്. എന്നാല്‍ എഎഫ്സി ചാമ്ബ്യന്‍സ് ലീഗ് എവേ മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് അല്‍ നസ്ര്‍ റൊണാള്‍ഡോയുമായുള്ള കരാറില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നതിനാല്‍ താരത്തിന് വിട്ടുനില്‍ക്കുന്നതിന് തടസമില്ല.