തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കരൂരില്‍ നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അതീവ ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തത്തില്‍ ആവശ്യമെങ്കില്‍ എല്ലാ സഹായവും നല്‍കാൻ കേരളം തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. കേരളത്തില്‍ നിന്ന് ആരോഗ്യ പ്രവർത്തകരെ അയയ്ക്കാൻ തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ. സുബ്രഹ്‌മണ്യനെ ഫോണില്‍ വിളിച്ച് അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും മരണപ്പെട്ടവർക്ക് അന്തിമോപചാരം അർപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അവർ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരും ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് സഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ അധികാരികളെ സഹായിക്കാനും കോണ്‍ഗ്രസ് പ്രവർത്തകർക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിർദേശം നല്‍കി.
ടിവികെ റാലിക്കിടെയുണ്ടായ ഈ ദുരന്തത്തില്‍ 39 പേർ മരിക്കുകയും 58-ല്‍ അധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ മൂന്ന് കുട്ടികളും 16 സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമാണ്. പരിപാടിയില്‍ പങ്കെടുക്കാൻ വൈകിയെത്തിയ വിജയ് വെള്ളം കുപ്പികള്‍ എറിഞ്ഞുകൊടുത്തപ്പോള്‍ അത് പിടിക്കാൻ ആളുകള്‍ തിക്കുംതിരക്കും കൂട്ടിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.












































































