സെൻഷേണലിസം കോടതിയെ ബാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടിയെ ആക്രമിച്ച കേസിൽ കോടതി വിധിപ്രസ്താവം ആരംഭിച്ചത്. നിയമം മാത്രമാണ് പരിശോധിച്ചിരിക്കുന്നതെന്നും കോടതി ആമുഖമായി പറഞ്ഞു. പ്രതികളുടെ പൂർവകാല ചരിത്രമടക്കം പരിശോധിച്ച ശേഷമാണ് ഏറ്റവും കുറഞ്ഞ ശിക്ഷയിലേക്ക് കോടതി പോയത്. 1700 പേജുകളടങ്ങിയ വിധിന്യായമാണ് കോടതി തയ്യാറാക്കിയത്.
പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം കഠിനതടവ് നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, കോടതി ഇതംഗീകരിച്ചില്ല. ആറ് പ്രതികൾക്കും 20 വർഷത്തെ കഠിന തടവാണ് ശിക്ഷ വിധിച്ചത്. നിലവിൽ ഏഴ് വർഷത്തിലേറെ പൾസർ സുനി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇത് കുറച്ചായിരിക്കും ഇനിയുള്ള ശിക്ഷ അനുഭവിക്കേണ്ടിവരിക.
*ശിക്ഷാവിധിയുടെ വിശദാംശങ്ങൾ:*
കോടതിയുടേത് 1700 പേജുള്ള വിധിന്യായം.
തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും 25000 രൂപ പിഴയും.
ഗൂഢാലോചനയ്ക്ക് ഒരു വർഷം തടവും അര ലക്ഷം രൂപ പിഴയും.
പിഴത്തുക അഞ്ചു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം.
ദൃശ്യങ്ങൾ സൂക്ഷിച്ചതിന് പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം രണ്ടു ശിക്ഷകൾ:
ദൃശ്യം ചിത്രീകരിച്ചതിന് മൂന്ന് വർഷം തടവ്, ദൃശ്യം സൂക്ഷിച്ചതിന് അഞ്ച് വർഷം തടവ്.
തടഞ്ഞുവെക്കലിന് ഒരു വർഷം തടവ്.പ്രേരണാകുറ്റത്തിന് ശിക്ഷയില്ല.ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി.
ജയിലിൽ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിക്കും.
അപ്പീൽ നടപടികൾ കഴിയുന്നതുവരെ ഇരയുടെ പെൻഡ്രൈവ് ദൃശ്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം.
തെളിവിന്റെ ഭാഗമായിരുന്ന നടിയുടെ മോതിരം തിരികെ നൽകണം.














































































