തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന മന്ത്രിമാർ പരിപാടി ബഹിഷ്‌കരിക്കുന്നുവെന്ന വാർത്ത നുണയായെന്ന് തെളിയുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി വാർത്താ മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തില്‍ അറിയാതെ 'സത്യം' പറഞ്ഞുപോവുകയായിരുന്നു.
എന്നാല്‍, മന്ത്രിയുടെ പ്രതികരണത്തില്‍ സത്യപ്രതിജ്ഞാ ലംഘനമെന്ന് വിശേഷിപ്പിക്കാവുന്ന പരാമർശങ്ങളും കടന്നുകൂടിയത് മറ്റൊരു വിവാദമാകുകയാണ്.
ദേശീയപാതയുടെ ഉദ്ഘാടന പരിപാടിയില്‍ കേരള പിഡബ്ല്യു മന്ത്രി മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കാഞ്ഞതിനാല്‍ ക്ഷണമുണ്ടായിരുന്ന മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടിയും എം.ബി. രാജേഷും ബഹിഷ്‌കരിക്കുമെന്നായിരുന്നു പ്രചാരണം.
എന്നാല്‍ റിയാസിനെ ക്ഷണിച്ചിട്ടില്ല എന്നറിഞ്ഞത് ഇന്നു കാലത്താണ് ഇന്നലെത്തന്നെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി രാജേഷ് വെളിപ്പെടുത്തി. മുൻകൂട്ടി നിശ്ചയിച്ച ഒട്ടേറെ മറ്റുപരിപാടികള്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്ന് രാജേഷ് വിശദീകരിച്ചു.
മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് പനിബാധിച്ചതിനാല്‍ വിശ്രമത്തിലാണ്. അതിനാലാണ് പങ്കെടുക്കാത്തത് എന്നും രാജേഷ് വിശദീകരിച്ചു.
അപ്പോള്‍ റിയാസിനെ ക്ഷണിക്കാത്തതിനാല്‍ ബഹിഷ്‌കരിക്കുന്നുവെന്ന വാദം അടിത്തറിയില്ലാത്തതായി മാറി. മാത്രമല്ല, പ്രോട്ടോകോള്‍ പ്രകാരം പരിപാടി നിശ്ചയിച്ചത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചായിരുന്നു. അപ്പോള്‍ മന്ത്രി റിയാസിനെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമായതോടെ പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും ആക്ഷേപങ്ങള്‍ രാഷ്‌ട്രീയ-തെരഞ്ഞെടുപ്പ് നുണ പ്രചാരണമാണെന്ന് വ്യക്തമാകുകയാണ്.













































































