നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങിയ വിഐപി പട്ടികയിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെടുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രം വിഐപികളുടേതും സർക്കാരിന്റേതുമുൾപ്പെടെ 36 വാഹനങ്ങൾ നിയമലംഘനത്തിന് ക്യാമറയുടെ കണ്ണിൽപെട്ടിട്ടുണ്ട്. ചെലാൻ തയ്യാറായാൽ മാത്രമേ എതു തരം നിയമ ലംഘനമാണെന്നവിവരം ലഭിക്കുകയുള്ളൂ.
കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ കാർ, എറണാകുളം എംപി ഹൈബി ഈഡന്റെ കാർ, തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലിന്റെ കാർ, തമിഴ്നാട്ടിൽ നിന്നുള്ള ഒരു എംഎൽഎയുടെ വാഹനം, കോഴിക്കോട് കൊടുവള്ളിയിൽ എംഎൽഎ ബോർഡ് വച്ച കാർ, മൂവാറ്റുപുഴ നഗരസഭാ ചെയർമാന്റെ വാഹനം, മാവേലിക്കരയിൽ തഹസിൽദാരുടെ വാഹനം, കൊട്ടാരക്കരയിൽ പൊലീസ് വാഹനം, സുൽത്താൻ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ വാഹനം, ചേലക്കര, പഴയന്നൂർ, താമരക്കുളം, എഴുകോൺ പഞ്ചായത്തുകളുടെ വാഹനം, വടകര നഗരസഭ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവയുടെ വാഹനം എന്നിവ ക്യാമറയിൽ കുടുങ്ങിയവയാണ്. എന്നാൽ, ഈ വാഹനങ്ങളിൽ പലതിൻ്റേയും രജിസ്റ്റേർഡ് ഓണർ സർക്കാരോ സർക്കാർ വകുപ്പു മേധാവികളോ ആണ്.