വോട്ടർപട്ടികയിൽ പേര് ചേർക്കാനും വിവരങ്ങൾ തിരുത്താനും ഇനി ആധാർ കാർഡ് ഒരു രേഖയായി ഉപയോഗിക്കാം. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനും വോട്ടർമാരുടെ വിവരങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന 11 രേഖകൾക്ക് പുറമെ 12-ാമത്തെ രേഖയായിട്ടാണ് ആധാർ കാർഡ് പരിഗണിക്കുന്നത്. എന്നാൽ ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണ് അത് പൗരത്വത്തിൻ്റെ തെളിവായി കണക്കാക്കില്ല. അതുകൊണ്ട് പൗരത്വത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് തുടങ്ങിയ മറ്റ് രേഖകൾ ഹാജരാക്കേണ്ടിവരും.