തിരു.: പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ അനിത പുല്ലയില്‍ ലോക കേരളസഭയ്ക്കിടെ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ചത് വീഴ്ചയാണെന്നും ഉത്തരവാദികളായ നാലു പേര്‍ക്കെതിരെ നടപടിയെടുത്തെന്നും സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഉടന്‍ നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. വിപുരാജ്, പ്രവീണ്‍, വിഷ്ണു, വസീല എന്നീ കരാര്‍ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. സഭാ ടിവിക്ക് സാങ്കേതിക സഹായം നകുന്ന സ്ഥാപനത്തിലെ ജീവനക്കാരാണിവര്‍. ഇവരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സഭാമന്ദിരത്തില്‍ കടക്കാന്‍ നിയമസഭാ ജീവനക്കാരാരും അനിതയെ സഹായിച്ചിട്ടില്ല. വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ അവരെ തിരിച്ചറിഞ്ഞില്ല. ഓപ്പണ്‍ ഫോറത്തിന്റെ പാസാണ് അനിതയുടെ കൈവശം ഉണ്ടായിരുന്നത് മലയാളം മിഷനും പ്രവാസി സംഘടനകള്‍ക്കും പാസ് നല്‍കിയിരുന്നു. ഇതിലൊരു പാസുമായാണ് അവര്‍ എത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചും സ്പീക്കര്‍ വിശദീകരിച്ചു.
അനിത നിയമസഭ മന്ദിരത്തിലെത്തിയത് സഭാ ടിവിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാപനത്തിലെ ജീവനക്കാരുടെ പിന്തുണയോടെയാണെന്ന നിയമസഭയിലെ ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. സഭാ ടിവിക്ക് സഹായം നല്കുന്ന ബിട്രെയിറ്റ് സൊല്യുഷന്‍സിലെ രണ്ട് ജീവനക്കാര്‍ക്കൊപ്പം എത്തിയ അനിതയുടെ പക്കല്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള കത്തുണ്ടായിരുന്നതിനാലാണ് ഇവരെ സഭാമന്ദിരത്തിലേക്ക് കടത്തി വിട്ടതെന്നാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്‍കിയത്. അനിത സഭാമന്ദിരത്തില്‍ പ്രവേശിച്ചത് മുതലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ബിട്രെയിറ്റ് സൊല്യുഷന്‍സിലെ രണ്ട് ജീവനക്കാരാണ് സഭാമന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ എത്തിച്ചത്. ലോക കേരളസഭയുടെ ഭാഗമായ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചത്. എന്നാല്‍, അത് അവര്‍ക്കെങ്ങനെ കിട്ടിയെന്നതിനെപ്പറ്റി റിപ്പോര്‍ട്ടിലില്ല.
തുടരും....