ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിൻഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ.
ഇറാൻ ഇന്റർനാഷണൽ എന്ന മാധ്യമമാണ് മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് ചെയ്‌തത്. മൊജ്താബയ്ക്ക് ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സംഘടനയാണ് മൊജ്താബയെ പരമോന്നത നേതാവായി തെരഞ്ഞെടുക്കാൻ സമ്മർദ്ദം ചെലുത്തിയത്. ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫ് കൂടിയാണ് മൊജ്താബ.
അതേസമയം, ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം മഷാദിൽ നടക്കും. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് സൂചന. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല.












































































