ഡൽഹി: രാജ്യത്തെ നടുക്കി ഡല്‍ഹിയില്‍ നടന്ന വൻ സ്ഫോടനത്തിന് ദൃക്സാക്ഷിയായി കോഴിക്കോട് സ്വദേശി. തന്റെ കണ്‍ മുന്നില്‍ വെച്ചാണ് സ്ഫോടനം ഉണ്ടായ തീ ഗോളം പൊട്ടി ആകാശത്തേക്ക് ഉയർന്നതെന്ന് പയ്യോളി സ്വദേശി അനീഷ് മാധ്യമങ്ങളോട് വിശദീകരിച്ചു.
സംഭവം കണ്ടതിന്റെ വിറയല്‍ ഇതുവരെ മാറിയിട്ടില്ല. ബീഹാർ ഇലക്ഷനെ സംബന്ധിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകർ പ്രതികരണം തേടുന്ന സമയത്താണ് താൻ നിന്നിരുന്നതിന്റെ നൂറു മീറ്റർ അകലെ കാർ പൊട്ടി തെറിച്ചത്.
ഡല്‍ഹിയില്‍ നിന്ന് വാങ്ങിയ കാറിന്റെ രേഖകള്‍ ശരിയാക്കാനാണ് അനീഷ് ഡല്‍ഹിയിലെത്തിയത്. ഇതിനിടെ ചെങ്കോട്ട കാണാൻ എത്തിയതായിരുന്നു അനീഷ് .
സ്ഫോടനത്തില്‍ പതിമൂന്ന് പേർ മരിച്ചതായി സ്ഥിരീകരണം. ഇരുപത്തിയാറ് പേർക്ക് പരുക്കേല്‍ക്കുകയും അതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങള്‍ എല്‍എൻജെപി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതിനിടെ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ ഡല്‍ഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നല്‍കി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു.
അമിത് ഷാ നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായത് സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്നാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. എൻഐഎ സംഘം രാസ പരിശോധനകള്‍ ആരംഭിച്ചു.
സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു.
അതേസമയം ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ കേരളത്തിലും ജാഗ്രതാ നിർദേശം. പരിശോധന നിർദേശം നല്‍കി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ പറഞ്ഞു. പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നല്‍കി. ജില്ലാ എസ്പാമാർ നേരിട്ട് പരിശോധന ഉറപ്പാക്കണം. കേരളത്തില്‍ റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുള്‍പ്പെടെ പരിശോധനക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. റെയില്‍വേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലും ആണ് പരിശോധന നടക്കുന്നു. പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് സുരക്ഷ വർധിപ്പിച്ചു.














































































