തിരുവനന്തപുരം: തന്നെ മൂന്ന് തവണ എസ്‌ഐടി ചോദ്യം ചെയ്തുവെന്ന പത്രവാര്‍ത്ത തള്ളി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വാസ്തവത്തില്‍ ഒരു തവണയാണ് എസ്‌ഐടി തന്റെ മൊഴി രേഖപ്പെടുത്തിയത്. വളരെ ക്രഡിബിലിറ്റിയുള്ള ചില മുഖ്യധാര പത്രങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് എന്നുള്ളതുകൊണ്ടാണ് ഇത് പറയേണ്ടി വന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'2025-ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി എന്നാണ് വാര്‍ത്ത. 2025 ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കും സംഘത്തിനും കൈമാറായിട്ടില്ല. തിരുവാഭരണം കമ്മീഷണര്‍, വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റിവിംഗ് എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ സുരക്ഷിത വാഹനത്തിലാണ് കൊണ്ട് പോയത്. സന്നിധാനത്ത് നിന്ന് എടുക്കുന്നത് മുതല്‍ തിരികെ പുന:സ്ഥാപിക്കുന്നത് വരെ കൃത്യമായ മഹസര്‍ രേഖകളും വീഡിയോ ചിത്രീകരണവും ഉണ്ടായിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നേതൃത്വം നൽകിയിരുന്ന ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ബോധപൂർവ്വമായ നീക്കം നടത്തുന്നതായി ദിവസങ്ങൾക്കു മുൻപ് പി എസ് പ്രശാന്ത് ആരോപിച്ചിരുന്നു. തന്റെ ഭരണകാലത്ത് സ്വർണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞിരുന്നു.














































































