മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായ വാർത്തയിൽ പ്രതികരണവുമായി മോഹൻലാൽ. ഫേസ്ബുക്കിൽ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. മലയാളികൾ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹൻലാലിന്റേത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് മൂന്ന് മാസക്കാലമായി സിനിമാ മേഖലയില്‍ നിന്നും മാറി നിന്ന മഹാനടന്‍ മമ്മൂട്ടി അഭിനയത്തിലേക്ക് തിരികെ എത്തുന്നുവെന്ന വാര്‍ത്തയില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് സന്തോഷം അറിയിച്ചിരിക്കുന്നത്. ഏറെക്കാലമായി മലയാളികള്‍ ഓരോരുത്തരും മമ്മൂട്ടിക്കായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന വാര്‍ത്തയാണ് എത്തിയിരിക്കുന്നതെന്ന് സംവിധായകന്‍ സിബി മലയില്‍.
എല്ലാം ok ആണ് എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പോസ്റ്റില്‍ പിഷാരടി ചേര്‍ത്തിട്ടുണ്ട്.
പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.
മമ്മൂട്ടി ആരോഗ്യനില വീണ്ടെടുത്തിരിക്കുന്നുവെന്ന വിവരമാണ് സിനിമാലോകത്ത് നിന്നും വരുന്നത്. ആന്റോ ജോസഫ്, മാല പാര്‍വതി, ജോര്‍ജ് എസ് തുടങ്ങിയവര്‍ക്ക് പിന്നാലെ രമേഷ് പിഷാരടിയും ഈ വിവരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്നും ദൈവത്തിന് നന്ദിയും പറഞ്ഞുകൊണ്ടായിരുന്നു നിര്‍മാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം പങ്കുവെച്ച് സംവിധായിക രത്തീന പി ടി. 'ഡബിൾ ഓകെ' എന്ന തലക്കെട്ടോടെ മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രത്തീന സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. രത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകൻ.
മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിലുള്ള സന്തോഷം പങ്കുവെച്ചു സംവിധായകന്‍ കമല്‍. മമ്മൂട്ടിയുടെ തിരിച്ചുവരവ് അതീവ സന്തോഷം തരുന്ന കാര്യമെന്ന് കമല്‍ പറഞ്ഞു. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്ന വാര്‍ത്ത ഏറെ സന്തോഷകരമാണെന്നും രാവിലെ രമേശ് പിഷാരടി വിളിച്ച് അറിയിച്ചപ്പോളാണ് കാര്യങ്ങള്‍ അറിഞ്ഞത് എന്നും കമല്‍ പ്രതികരിച്ചു.
സിനിമയില്‍ വന്ന ശേഷം അദ്ദേഹം ഇത്ര കാലം ഒരിക്കലും വീട്ടില്‍ ഇരുന്നിട്ടില്ല. അതുകൊണ്ടു തന്നെ അതും എല്ലാവര്‍ക്കും പ്രയാസമായിരുന്നു. രോഗം മാത്രമല്ല, രോഗത്തെ അദ്ദേഹം മറികടക്കുമെന്ന കാര്യം നമുക്കെല്ലാവര്‍ക്കും ഉറപ്പായിരുന്നു. അത്ര മാരകമായ രീതിയില്‍ അദ്ദേഹത്തെ രോഗം ബാധിച്ചിരുന്നല്ല. എങ്കിലും അദ്ദേഹം നന്നായിരിക്കുക എന്നത് പ്രധാനമാണല്ലോ. അദ്ദേഹം സിനിമയിലേക്ക് തന്നെ ശക്തമായി തിരിച്ച് വരും. ഇനിയും മികച്ച കഥാപാത്രങ്ങളുമായി അദ്ദേഹം നമ്മുടെ മുന്‍പിലുണ്ടാകും. ഞങ്ങള്‍ സിനിമാലോകത്തുള്ളവര്‍ക്ക് വാര്‍ത്ത വളരെ സന്തോഷം നല്‍കി.' കമല്‍ കൂട്ടിച്ചേര്‍ത്തു.