ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് സൂറത്ത്, നാസിക് വഴി ചെന്നൈ, കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കെത്തുന്ന റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നു മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. റോഡ് ശൃംഖലയുടെ കാര്യത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള യുഎസിനൊപ്പം അടുത്ത വർഷം അവസാനത്തോടെ ഇന്ത്യ എത്തും. കഴിഞ്ഞ 9 വർഷത്തിനിടെ റോഡ് വികസനത്തിൽ ഇന്ത്യ ബഹുദൂരം മുന്നേറി. ടോൾ വരുമാനവും ഗണ്യമായി ഉയർന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ദേശീയപാതകളിൽവിമാനങ്ങൾക്കിറങ്ങാൻ സാധിക്കുന്ന 30 എയർ സ്ട്രിപ്പുകൾ നിർമ്മിക്കുമെന്നും ഗഡ്കരി പറഞ്ഞു.















































































