മോഷ്ടിച്ച സ്വർണം പുരാവസ്തു എന്ന പേരിൽ അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റതായിട്ടാണ് തനിക്കു ലഭിച്ചിരിക്കുന്ന അറിവ് എന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരാവസ്തുക്കൾക്കു വലിയ മൂല്യമാണുള്ളത്. ഇവയ്ക്കു വിലമതിയ്ക്കാനാവില്ല. ഇത്തരം മാഫിയയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഇക്കാര്യങ്ങളെല്ലാം എസ്ഐടി അന്വേഷിക്കണം. തനിക്കു ശബരിമലയുമായി ബന്ധപ്പെട്ടു വിവരങ്ങൾ ഒരു വ്യവസായിൽ നിന്നാണ് ലഭിച്ചത്. ഇക്കാര്യങ്ങളാണ് എസ്ഐടിയ്ക്കു കൈമാറുന്നതെന്നും കൂടുതൽ അന്വേഷണം നടക്കുന്നതോടെ വൻ സ്രാവുകൾ പുറത്തുവരുമെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ പക്കലില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ വിവരങ്ങൾ തനിക്കു നല്കിയ വ്യക്തിയുടെ പേര് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തില്ല. എസ്ഐടി വിവരങ്ങൾ നല്കാൻ തന്നോടു വിവരങ്ങൾ വെളിപ്പെടുത്തിയ വ്യക്തി തയാറാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണ കൊള്ളയിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റെത്. സിപിഎമ്മിലെ രണ്ടു നേതാക്കൾ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഇവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും സിപിഎം തയാറായിട്ടില്ല. അതിനാൽ പാർട്ടി അറിഞ്ഞു നടത്തിയ കൊള്ളയാണോ എന്നു സംശിക്കണം. കേസിൽ അറസ്റ്റിലായ പത്മകുമാർ പലതും തുറന്നു പറഞ്ഞേക്കുമോ എന്ന ഭയം മൂലമാണ് പാര്ട്ടി അയാൾക്കെതിരേ നടപടി സ്വീകരിക്കാത്തത്. ദേവസ്വം മന്ത്രി വി.എൻ. വാസവനും മുന്മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്വര്ണകൊള്ളയിൽ പങ്കുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതോടെ പുതിയ വിവരങ്ങൾ വെളിച്ചത്തു വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.











































































