തിരുവനന്തപുരം: ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന് ജനങ്ങളുടെ വിശ്വാസ്യത ലഭിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. ധനശേഖരം ക്ഷീണിച്ച അവസ്ഥയിലിരിക്കെ യാഥാർത്ഥ്യബോധമില്ലാത്ത ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ബജറ്റിന്റെ ഗൗരവം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും, കഴിഞ്ഞ പത്ത് വർഷമായി നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങളിൽ പെട്ടെന്നൊരു മാറ്റമുണ്ടാകുമെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും സതീശൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ വഞ്ചിക്കാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന് സതീശൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി ട്രഷറി നിയന്ത്രണം തുടരുകയാണ്. സാമൂഹ്യ ക്ഷേമപെൻഷൻ 2,500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാലര വർഷമായി പെൻഷനിൽ ഒരു വർധനയും നൽകാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് പ്രഖ്യാപനം വരുന്നത്. വിലക്കയറ്റത്തിൽ രാജ്യത്ത് മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളമെന്നും, അധികാരത്തിലേക്ക് മടങ്ങിവരാൻ കഴിയില്ലെന്ന് എൽഡിഎഫിന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കേണ്ട ബാധ്യത അടുത്ത സർക്കാരിന് മേൽ ചുമത്താനാണ് ഇപ്പോഴത്തെ നീക്കമെന്നും വിമർശനം ഉയർത്തി.
എല്ലാ സാമ്പത്തിക ബാധ്യതകളും അടുത്ത സർക്കാരിലേക്ക് തള്ളിവെക്കുന്ന സമീപനമാണ് നിലവിലുള്ളത്. കിഫ്ബി പദ്ധതികൾ പലതും നിശ്ചലാവസ്ഥയിലാണ്. ഈ ബജറ്റ് നടപ്പാകില്ലെന്നും, അടുത്ത യുഡിഎഫ് സർക്കാർ അവതരിപ്പിക്കുന്ന ബജറ്റായിരിക്കും നടപ്പാക്കപ്പെടുകയെന്നും സതീശൻ വ്യക്തമാക്കി.
സമരസമയങ്ങളിൽ ആശാവർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും പരിഹസിച്ച സർക്കാർ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആയിരം രൂപ വർധിപ്പിച്ചുവെന്നും, ഇതിന്റെ സാമ്പത്തിക ഭാരം അടുത്ത സർക്കാരിന് മേൽ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ 70 ശതമാനവും നടപ്പായിട്ടില്ലെന്നും, കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളെ കുറിച്ചുള്ള ധവളപത്രം പുറത്തുവിടാൻ ധനമന്ത്രി കെ. എൻ. ബാലഗോപാലിനെ വെല്ലുവിളിക്കുന്നതായും സതീശൻ പറഞ്ഞു.
ബജറ്റ് ഭരണപരാജയത്തിന്റെ ഔദ്യോഗിക രേഖയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അഞ്ചുവർഷമായി ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും, ചെലവഴിക്കാതെയുള്ള തുക വർധിപ്പിക്കുന്നതിനെ കുറിച്ച് പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.














































































