2024 മാർച്ച് മാസം 9 ന് അപകടമുണ്ടായ അതേ മേഖലയിൽ തന്നെയാണ് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മിക്കാനുള്ള
പഠനത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. എൻഐടിയുടെ സ്റ്റെബിലിറ്റി ടെസ്റ്റ് പരിശോധനയ്ക്കായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പുനസ്ഥാപിച്ചത്.
പാപനാശം തീരത്ത് 2024 ജനുവരി ഒന്നിന് സംസ്ഥാന സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ന്യൂ ഇയർ സമ്മാനം എന്ന നിലയിൽ ഏറെ കൊട്ടിഘോഷിച്ചാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നടത്തിയത്. തൃച്ചി ആസ്ഥാനമായ ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കായിരുന്നു ഇതിന്റെ നടത്തിപ്പ് .
എന്നാൽ മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ശക്തമായ തിരയിൽപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. ഇരുപതോളം പേർ തിരയിൽപെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് വർക്കല പോലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപകടം സംബന്ധിച്ച അന്വേഷണങ്ങൾ പൂർത്തിയാകുന്നതിനു മുൻപ് തന്നെ പാപനാശം ബലി മണ്ഡപത്തിന് സമീപത്തായി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കാൻ കമ്പനി വീണ്ടും ശ്രമം നടത്തിയിരുന്നു. എന്നാൽ ശക്തമായ തിരമാലയിൽപ്പെട്ട് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ അപകടമുണ്ടായാൽ പരിക്കേറ്റവരെ ആംബുലൻസിൽ എത്തിക്കണമെങ്കിൽ തീരത്തു നിന്നും 300 മീറ്ററിൽ ഏറെ ദൂരം മണലിലൂടെ കാൽനടയായി സഞ്ചരിക്കേണ്ടിവരും സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ ഇത് ഇതുകൂടി കണക്കിലെടുക്കണം എന്ന് മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുകളും നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്.
പാപനാശം കടൽത്തീരത്ത് ശക്തമായ തിരമാലകളും അടിയൊഴുക്കും ഏത് സമയത്താണ് ഉണ്ടാകുന്നതെന്ന് പ്രവചിക്കാൻ കഴിയില്ല എന്ന് മത്സ്യതൊഴിലാളികളും ലൈഫ് ഗാർഡുകളും ആവർത്തിച്ച് പറഞ്ഞിട്ടും അധികൃതർ ചെവിക്കൊണ്ടിരുന്നില്ല.
ഇന്നലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാൻ പാപനാശത്ത് എത്തിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും പുനസ്ഥാപിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.