കൊച്ചി: ട്രെയിനുകളില്‍ റിസർവ് ചെയ്യാത്ത യാത്രക്കാർ ഗണ്യമായി വർദ്ധിച്ചതോടെ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനം. 5 വർഷത്തിനകം 9500 ജനറല്‍ കോച്ചുകളാണ് വർദ്ധിപ്പിക്കുക. 7500 സ്ലീപ്പർ കോച്ചുകളും പണിപ്പുരയിലാണ്. പുതുതായി അവതരിപ്പിച്ച അമൃത് ഭാരത്, നമോ ഭാരത് റാപ്പിഡ് ട്രെയിനുകള്‍ കൂടി ലക്ഷ്യമിട്ടാണിത്.
രാജ്യത്ത് 2024-25ല്‍ 651കോടി യാത്രക്കാരാണ് ജനറല്‍ കംപാർട്ട്മെന്റുകളില്‍ സഞ്ചരിച്ചത്. എല്ലാ ട്രെയിനുകളിലുമായി 82,200 കോച്ചുകള്‍ ഉണ്ട്. ഇതില്‍ ജനറല്‍ കോച്ചുകള്‍ 1250 മാത്രം. ദീർഘദൂര സർവീസുകളില്‍ രണ്ടോ മൂന്നോ ജനറല്‍ കോച്ചുകളില്‍ സാധാരണക്കാർ തിങ്ങിനിറഞ്ഞാണ് യാത്ര.
ഇതിനൊരു മാറ്റവുമായാണ് അമൃത് ഭാരത് അവതരിപ്പിച്ചിട്ടുളളത്. ഇതില്‍ 11 ജനറല്‍ കോച്ചുകളുണ്ട്. നമോ ഭാരതിലും സമാന അനുപാതമാണ്. 100 അമൃത് ഭാരത് ട്രെയിനുകള്‍ കൂടി ഇറക്കാനും തീരുമാനമായി.