കൊച്ചി: നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കാരണം കാണിക്കൽ നോട്ടീസ് നൽകിയത് എറണാകുളം ലോ കോളേജ് പ്രിൻസിപ്പലാണ്. ഇന്ന് തന്നെ ഇതിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.ഇന്നലെയാണ് യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി എത്തിയ അപർണ ബാലമുരളിയോട് ലോ കോളജിലെ വിദ്യാർഥി മോശമായി പെരുമാറിയത്. നടിക്ക് പൂ കൊടുക്കാനായി വേദിയിൽ കയറിയ വിദ്യാർഥി അപർണയുടെ കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ നടി അനിഷ്ടം പ്രകടിപ്പിക്കുകയും, എന്താടോ ലോ കോളജ് അല്ലേ എന്ന് അപർണ ചോദിക്കുകയും ചെയ്തു.

സംഭവത്തിൽ
സ്തബ്ധയായിപ്പോയെന്ന് അപർണ പിന്നീട് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. തുടർന്ന് സംഭവത്തിൽ ഖേദം
പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. സിനിമാ
താരത്തിന് നേരെ വിദ്യാർഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയൻ പറഞ്ഞു. സംഭവ സമയത്ത് തന്നെ
യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ
ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട്
താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം
പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയൻ വ്യക്തമാക്കി. സോഷ്യൽമീഡിയയിലൂടെയാണ് യൂണിയൻ
ഖേദപ്രകടനം നടത്തിയത്.