പാലക്കാട്: നെന്മാറയിൽ വിവാഹ അഭ്യർഥന നിരസിച്ചതിന് പിന്നാലെ പെൺസുഹൃത്തിനെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി യുവാവ്. സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയും ഗിരീഷും തമ്മിൽ നാല് വർഷമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗിരീഷിൻ്റെ വിവാഹാഭ്യർഥന നിരസിച്ച് യുവതി ബന്ധത്തിൽ നിന്ന് പിൻമാറിയിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ മദ്യലഹരിയിൽ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ പ്രതി ഗിരീഷിനെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.